വിജയവാഡ: മരിച്ച് സംസ്കാരത്തിന് ശേഷം പതിനെട്ടാം നാൾ തിരിച്ചെത്തിയ കോവിഡ് രോഗിയെ കണ്ട് അമ്പരന്ന് വീട്ടുകാർ. വിജയവാഡയിലെ ആശുപത്രിയിൽ മെയ് 15നാണ് കോവിഡ് ബാധിച്ച് 70കാരി മരിച്ചത്. ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയ മൃതദേഹം ബന്ധുക്കള്‍ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ചടങ്ങുകളുടെ ഭാഗമായി രണ്ടാഴ്ചയ്ക്ക് ശേഷം ജൂണ്‍ ഒന്നിന് ബന്ധുക്കള്‍ ഒത്തുചേരുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം എല്ലാവരെയും അമ്പരപ്പിച്ച് മരിച്ച വയോധിക വീട്ടില്‍ തിരിച്ചെത്തി.
ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിലെ ക്രിസ്ത്യന്‍പേട്ട് ഗ്രാമത്തിലുള്ള വയോധികയെ മെയ് 12 നാണ് കോവിഡ് ചികിത്സയ്ക്കായി വിജയവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് രോഗവിവരം അറിയാന്‍ എല്ലാദിവസവും ആശുപത്രിയില്‍ എത്തുമായിരുന്നു. മെയ് 15ാം തീയതി ഭര്‍ത്താവ് എത്തിയപ്പോള്‍ ആശുപത്രിയിലെ നഴ്‌സുമാർ അവര്‍ മരിച്ചെന്ന് അറിയിച്ചു.
മോര്‍ച്ചറിയില്‍ നിന്ന് ആശുപത്രി അധികൃതര്‍ കൈമാറിയ ഭാര്യയുടെ പൊതിഞ്ഞ മൃതദേഹം ഭർത്താവ് നാട്ടിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയായിരുന്നു. ജൂണ്‍ ഒന്നിന് മരാണനന്തര ചടങ്ങുകളും നടത്തി. തൊട്ടുപിന്നാലെ വയോധിക വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. സംസ്കരിച്ചത് ആരുടെ മൃതദേഹം ആണെന്ന് അറിയാതെ അമ്പരപ്പിലാണ് വീട്ടുകാർ. അതേസമയം, രോഗം മാറിയിട്ടും തന്നെ കൊണ്ടുപോകാന്‍ വീട്ടുകാര്‍ വരാത്തതില്‍ ദുഃഖിതയായ വയോധിക ആശുപത്രി അധികൃതര്‍ നല്‍കിയ തുക കൊണ്ടാണ് മടങ്ങിയെത്തിയത്.
Post Your Comments