ന്യൂഡല്‍ഹി: സാഗര്‍ റാണ കൊലപാതക കേസില്‍ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേയ്ക്കാണ് സുശീല്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഡല്‍ഹി രോഹിണി കോടതിയുടെതാണ് നടപടി.
സുശീല്‍ കുമാറിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ നല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 10 ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കിയതിനാല്‍ ഇനി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. നേരത്തെ, സുശീല്‍ കുമാറിനെ ഹരിദ്വാറില്‍ എത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുശീല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളും അതിന് സഹായിച്ച ആളുകളെയും കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തെളിവെടുപ്പ് നടത്തിയത്.
സിം കാര്‍ഡ് ഉപയോഗിക്കാതെ ഇന്റര്‍നെറ്റ് ഡോംഗിള്‍ ഉപയോഗിച്ച് ടെലഗ്രാം ആപ്പിലൂടെയാണ് സുശീല്‍ കുമാര്‍ സഹായികളുമായി ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. സാഗര്‍ റാണയുടെ കൊലപാതകത്തില്‍ 12 പേര്‍ പ്രതികളാണെന്നും ഇവരില്‍ 9 പേരാണ് പിടിയിലായതെന്നും പോലീസ് അറിയിച്ചു. അവശേഷിക്കുന്ന നാല് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ തന്നെ പ്രതികള്‍ എല്ലാവരും പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Post Your Comments