കല്‍പ്പറ്റ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍നിന്ന് പണം കൈപറ്റിയെന്ന ആരോപണം ശക്തമായി നിഷേധിച്ച് സി.കെ. ജാനു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തിരുവനന്തപുരത്തുവെച്ച് ജാനു സുരേന്ദ്രനില്‍നിന്ന് 10ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. സി.കെ. ജാനുവിന്‍റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീതയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇത് നിഷേധിച്ചു സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സി.കെ. ജാനുവിന് വ്യക്തിഗത ആവശ്യത്തിനായി പണം നല്‍കിയിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രസീത തന്നെ വിളിച്ചില്ലെന്ന് പറയുന്നില്ല, തെരഞ്ഞെടുപ്പ് സമയത്ത് പലരുമായും സംസാരിച്ചിരുന്നു. സംഭാഷണം മുഴുവന്‍ ഓര്‍ത്തുവെക്കാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രസീത പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ചാണ് പണം കൈമാറ്റം നടത്തിയതെന്നും പ്രസീത ആരോപിച്ചിരുന്നു.
തെളിവിനായി പ്രസീതയും സുരേന്ദ്രനും പണമിടപാടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. എന്നാൽ ആരോപണം ഉന്നയിച്ച പ്രസീതയെ വെല്ലുവിളിച്ച ജാനു തെളിവുകള്‍ ഉണ്ടെങ്കിൽങ്കില്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ചെന്നല്ല എങ്ങുനിന്നും പണ കൈമാറ്റം നടന്നിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടണം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയാറാണെന്നും ജാനു പറഞ്ഞു.
അതേസമയം കെ. സുരേന്ദ്രനില്‍നിന്ന് ജാനു 40 ലക്ഷം രൂപയാണ് വാങ്ങിയതെന്ന ആരോപണവുമായി ജെ.ആര്‍.പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു രംഗത്തെത്തിയിരുന്നു. ബാബുവിന്‍റെ ആരോപണവും അടിസ്ഥാന രഹിതമാണെന്നും തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും ജാനു കൂട്ടിച്ചേര്‍ത്തു. അതേസമയം ശബ്ദരേഖ ഒരു തരത്തിലും എഡിറ്റ് ചെയ്തിട്ടില്ലെന്നും ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും പ്രസീത പറഞ്ഞു.
Post Your Comments