ഹെൽസിങ്കി: പ്രഭാതഭക്ഷണത്തിന്റെ പേരിൽ ചെലവഴിച്ച പണം മുഴുവൻ തിരികെ നൽകുമെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ. പ്രഭാതഭക്ഷണത്തിന്റെ പേരിൽ അധിക തുക കൈപ്പറ്റിയെന്ന ആരോപണം നേരിട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിലപാട്. ചെലവഴിച്ച മുഴുവൻ തുകയും തിരികെ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കില്ലെന്നും സന്ന മാരിൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു സന്ന മാരിന്റെ പ്രതികരണം.
കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിന്റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളർ പ്രധാനമന്ത്രി ചെലവഴിച്ചുവെന്നാണ് ആരോപണം. പ്രധാനമന്ത്രി കുടുംബാംഗങ്ങളുടെ പ്രഭാത ഭക്ഷണത്തിന്റെ പേരിൽ പ്രതിമാസം 365 യൂറോ കൈപ്പറ്റുന്നുവെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്താൻ ഫിൻലൻഡ് പോലീസ് തീരുമാനിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ ഈ ആനുകൂല്യം താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ മുൻഗാമികളും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ടെന്നുമായിരുന്നു ആദ്യം സന്നാ മാരിന്റെ വിശദീകരണം. പോലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണം ഉയർന്നതോടെ ആനുകൂല്യം കൈപ്പറ്റുന്നത് നിർത്തിയെന്നും സന്നാ മാരിൻ പറഞ്ഞിരുന്നു.
Post Your Comments