കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാനൊരുങ്ങി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ആലാപന്‍ ബന്ധ്യോപാധ്യായയെ തിരിച്ച് വിളിക്കാനുളള കേന്ദ്ര നീക്കത്തിന് തടയിട്ടാണ് മമത കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. കേന്ദ്ര സര്‍വ്വീസിലേക്ക് തിരികെ പ്രവേശിക്കാതെ രാജി വെച്ച ആലാപന്‍ ബന്ധ്യോപാധ്യായയെ മുഖ്യ ഉപദേശകനായി നിയമിച്ചിരിക്കുകയാണ് മമത. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ മമത ബാനര്‍ജി രൂക്ഷ വിമര്‍ശനം ആണ് ഉന്നയിച്ചിരിക്കുന്നത്.
Read Also : ചോദ്യം ചെയ്യാനായി കൊണ്ടുവന്നയാള്‍ അക്രമാസക്തനായി; പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ വെടിവെയ്പ്പ്
കേന്ദ്രം പ്രതികാര രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. ‘ഇത്രയും ഹൃദയശൂന്യനായ ഒരു പ്രധാനമന്ത്രിയെ താന്‍ ഇതുവരെ കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിക്കണം എന്ന ഒരു ഉദ്ദേശത്തിന്റെ പുറത്ത് അവര്‍ ചീഫ് സെക്രട്ടറിയെ കടന്നാക്രമിക്കുകയാണ്. യാതൊരു വിധത്തിലുളള ചര്‍ച്ചയും നടത്തുന്നില്ല. ബിജെപി തിരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ടാണോ ഇതെന്ന് ‘ മമത ബാനര്‍ജി തുറന്നടിച്ചു.
ആലാപന്‍ ബന്ധ്യോപാധ്യായ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞ് കാണില്ലെന്നും ഇനി അദ്ദേഹത്തിന്റെ സേവനം കേന്ദ്രത്തിന് ലഭിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
‘ ഉദ്യോഗസ്ഥരെ കേന്ദ്രം കാണുന്നത് കരാര്‍ തൊഴിലാളികളെ പോലെയാണ്. സ്വന്തം ജീവിതം ജോലിക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച ഒരു ഉദ്യോഗസ്ഥനെ അപമാനിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും രാജ്യത്തിന് മുന്നില്‍ നല്‍കുന്ന സന്ദേശം എന്താണ്. കേന്ദ്രത്തില്‍ സേവനം അനുഷ്ഠിക്കുന്ന നിരവധി ബംഗാളി കേഡര്‍ ഉദ്യോഗസ്ഥരുണ്ട്. ഒരു ചര്‍ച്ചയും കൂടാതെ തനിക്ക് അവരെ തിരിച്ച് വിളിക്കാന്‍ സാധിക്കുമോ മിസ്റ്റര്‍ പ്രധാനമന്ത്രീ ‘ എന്ന് മമത ചോദിച്ചു. മിസ്റ്റര്‍ ബിസി പ്രൈം മിനിസ്റ്റര്‍, മിസ്റ്റര്‍ മന്‍ കി ബാത്ത് പ്രൈം മിനിസ്റ്റര്‍ എന്ന് കൂടി മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. തന്നെ തീര്‍ത്തേക്കാം എന്നാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും മമത ബാനര്‍ജി തുറന്നടിച്ചു.
Post Your Comments