ഈരാറ്റുപേട്ട: യു ട്യൂബ് നോക്കി ചാരായം വാറ്റി വില്പന നടത്തിയ മൂന്നംഗസംഘത്തെ ഇൗരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. 15 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും രണ്ട് കാറും മൂന്ന് മൊബൈൽ ഫോണും ഇവരിൽ നിന്നും പോലീസ് കണ്ടെത്തി. കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27), തലപ്പലം സ്വദേശി മാത്യു (27) എന്നിവരെയാണ് ഇൗരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ ചാരായം വിൽപന നടക്കുന്നതായി ലഭിച്ച വിവരങ്ങളെത്തുടർന്ന് ഇൗരാറ്റുപേട്ട ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാറിെൻറ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു.
ഇതിനിടെയാണ് പനയ്ക്കപ്പാലം -പ്ലാശനാൽ റോഡിലൂടെ ചാരായവുമായി പ്രതികൾ കാറിൽ സഞ്ചരിക്കുന്നതായി പാലാ ഡിവൈ.എസ്.പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യവിവരം ലഭിച്ചത്. ഇതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും കാറിലെത്തിയ സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് കളത്തുക്കടവിലുള്ള ദീപുവിെൻറ വീട്ടിൽ നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽനിന്ന് ചാരായ വാറ്റ് ക്രമീകരണങ്ങളും കോടയും കണ്ടെടുത്തു.
കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്. ലിറ്ററിന് 2000 രൂപ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ദിവസവും 30 ലിറ്റർ ചാരായം വിൽപന നടത്തിയിരുന്നു. ആവശ്യക്കാർ കൂടിയതോടെ വലിയ രീതിയിൽ വാറ്റ് ആരംഭിക്കാനിരിക്കെയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വി.ബി. അനസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അരുൺ ചന്ദ്, ജിനു, കബീർ, ഷെറിൻ മാത്യു സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സുജിത്ത്, ശിവദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post Your Comments