ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (എസ്‌ഐഐ) ആശ്രയിക്കുന്ന 91 രാജ്യങ്ങളെ സാരമായി ബാധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അസ്ട്രാസെനക (കോവിഷീൽഡ്), വരാനിരിക്കുന്ന നോവാവാക്സ് വാക്സീനുകളെ ആശ്രയിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയാണു പ്രയാസപ്പെടുന്നതെന്നും ഡബ്ല്യുഎച്ച്ഒ അഭിപ്രായപ്പെട്ടു.‘91 രാജ്യങ്ങളിൽ വാക്സീന്റെ കുറവുണ്ട്.
സ്റ്റോക്ക് അപര്യാപ്തമായതിനാൽ ഈ രാജ്യങ്ങൾ ബി.1.617.2 ഉൾപ്പെടെ കോവിഡിന്റെ പുതു വകഭേദങ്ങൾക്ക് ഇരയാകുന്നു. പുതിയതും കൂടുതൽ പകരാവുന്നതുമായ വകഭേദങ്ങളുടെ ഭീഷണിയിലാണു രാജ്യങ്ങൾ. തിരിച്ചറിയപ്പെടുന്നതിനു മുൻപുതന്നെ പുതിയ വകഭേദങ്ങൾ ലോകമാകെ വേഗത്തിൽ വ്യാപിക്കും’– ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.
read also: കേന്ദ്രം വാക്‌സിൻ നയം മാറ്റിയത് സംസ്ഥാനങ്ങളുടെ സമ്മർദ്ദം മൂലം; മധ്യപ്രദേശ് മുഖ്യമന്ത്രി
‘നിർഭാഗ്യവശാൽ, മിക്ക ആഫ്രിക്കൻ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമേ വാക്സിനേഷൻ ചെയ്തിട്ടുള്ളൂ. എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്സിനേഷൻ കിട്ടിയിട്ടുമില്ല. ലഭ്യമായ വാക്സീനുകളുടെ തുല്യതയില്ലാത്ത വിതരണം തുടർന്നാൽ, ചില രാജ്യങ്ങൾ അവരുടെ സാധാരണ ജീവിതത്തിലേക്കു മടങ്ങിപ്പോകും. അതേസമയം, മറ്റു രാജ്യങ്ങളെ രോഗം കഠിനമായി ബാധിക്കുകയും കുടുതൽ വൈറസ് വകഭേദങ്ങൾ ജനത്തെ ബാധിക്കുകയും ചെയ്യും’– സൗമ്യ പറഞ്ഞു.
Post Your Comments