നെല്ലൂർ /ആന്ധ്ര: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍, നെല്ലൂരിലെ നാട്ടുവൈദ്യനായ ആനന്ദയ്യയുടെ ആയുര്‍വേദ മരുന്ന് കോവിഡ് രോഗികള്‍ക്കു നല്കാന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അനുമതി നല്കി. ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം (സി.സി.ആര്.എസ് ) നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
തിങ്കളാഴ്ച മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സിസിആര്‍എസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ഈ മരുന്ന് കോവിഡ് ഭേദപ്പെടുത്തുമെന്നതിന് യാതൊരു തെളിവുകളുമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
മരുന്നില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ക്ക് മറ്റു ദോഷഫലങ്ങളില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.തേന്‍, കുരുമുളക്, വഴുതന നീര് എന്നിവ ചേര്‍ത്ത തുള്ളിമരുന്ന് കണ്ണിലൊഴിച്ചാല്‍ രക്തത്തിലെ ഓക്സിജന്‍ അളവ് കൂടുമെന്നായിരുന്നു ആനന്ദയ്യയുടെ അവകാശവാദം. ഇതോടെ മരുന്ന് വാങ്ങാന്‍ ആയിരക്കണക്കിനു പേര് ആനന്ദയുടെ വീട്ടില്‍ തടിച്ചുകൂടിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
രോഗം മാറിയവരുടെ സാക്ഷ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ മരുന്നിന്റെ ശാസ്ത്രീയത പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം ആനന്ദയ്യയുടെ മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആനന്ദയ്യ ഉള്‍പ്പെടെ രണ്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജിയിലുള്ള വാദം അടുത്ത വ്യാഴാഴ്ച നടക്കും.
Post Your Comments