Latest NewsKeralaNews

വീഡിയോ കോളില്‍ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പോലീസ്

തിരുവനന്തപുരം: വീഡിയോ കോളിലൂടെ തട്ടിപ്പ് നടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കേരള പോലീസ്. വാട്‌സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കിയാണ് തട്ടിപ്പ് നടക്കുന്നത്. അതിനാല്‍ അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Also Read: കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കർശന നടപടി; ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി ഡിജിപി

മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുകയെന്ന് പോലീസ് അറിയിച്ചു.

വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും ഇത്തരം തട്ടിപ്പുകാരുടെ ആവശ്യം. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു നല്‍കിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങുമെന്ന് പോലീസ് പറഞ്ഞു.

ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകുമെന്ന് പോലീസ് പറയുന്നു. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ നമ്മുടെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവമെന്നും വാട്‌സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കണമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button