തിരുനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധ്യക്ഷ സ്ഥാനത്തുനിന്നും മാറാനുള്ള സന്നദ്ധത ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പിന്നാലെ സംഘടനാപരമായ വീഴ്ചകളെ കുറിച്ച് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കിയതല്ലാതെ മറ്റ് കത്തുകള്‍ ഒന്നും അയച്ചിട്ടില്ല. സോണിയ ഗാന്ധിക്ക് താന്‍ കത്തെഴുതി എന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിക്ക് നലകിയ റിപ്പോര്‍ട്ട് അശോക് ചവാന്‍ കമ്മീഷനും കൈമാറിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസില്‍ വിഭാഗീയ സംഘര്‍ഷമില്ലെന്നും, വിഭാഗീയത രൂക്ഷമായിരിക്കുന്നുവെന്ന വിധത്തില്‍ വാര്‍ത്ത കൊടുക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒറ്റക്കെട്ടായി പാര്‍ട്ടിയെ നയിക്കുന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും, സങ്കുചിതമായ താല്‍പര്യങ്ങള്‍ വച്ചുകൊണ്ട് ഈ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാഞ്ഞത് പരാജയത്തില്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചുപോയി എന്ന തരത്തില്‍ ചരിത്രം രേഖപ്പെടുത്താതിരിക്കാനാനിന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Post Your Comments