ഡെറാഡൂണ്‍: പുല്‍വാമഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ സൈനികസേവനത്തിനൊരുങ്ങുന്നു. ഭർത്താവിനോടുള്ള ആദരവായി നികിത കൗൾ ഇന്നാണ് സൈന്യത്തിൽ ചേർന്നത്. സേനയില്‍ ചേരുന്നതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമപ്പട്ടികയ്ക്കായി കാത്തിരിക്കുകയായിരുന്നു ഇരുപത്തിയെട്ടുകാരി നികിത.
Also Read:രാജ്യത്ത് ആഭ്യന്തര വിമാന യാത്രാ നിരക്ക് കൂട്ടി; വർധന ഇങ്ങനെ
കരസേനയുടെ ഉത്തര കമാൻഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ വൈ കെ ജോഷി നികിതയുടെ സൈനിക വേഷത്തിൽ നക്ഷത്ര ചിഹ്നം ചേർത്തുവെച്ചു. ആക്രമണത്തിനെത്തിയ ഭീകരരെ തുരത്തുന്നതിനുള്ള സൈനിക നീക്കത്തിനിടെയാണ് മേജര്‍ വിഭൂതി ശങ്കറിന് ജീവന്‍ നഷ്ടമായത്. ഭർത്താവിനോടുള്ള ആദരവും പ്രണയവുമാണ് തന്നെ സൈന്യത്തിലേക്ക് ചേരാൻ പ്രേരിപ്പിച്ചതെന്ന് നികിത വ്യക്തമാക്കി. നന്മ മാത്രമായിരുന്നു വിഭൂതിയുടെ മനസിലുണ്ടായിരുന്നതെന്ന് നികിത പറയുന്നു. സ്‌നേഹം, അനുകമ്പ, ധീരത, ബുദ്ധിസാമര്‍ഥ്യം തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തു ചേര്‍ന്നയാളായിരുന്നു തന്റെ ഭർത്താവെന്ന് നികിത എന്നും ഓർമിക്കുന്നു.
വെറും പത്ത് മാസമാണ് നികിതയുടേയും മേജര്‍ വിഭൂതി ശങ്കറിന്റെയും വിവാഹ ജീവിതത്തിന് ആയുസ്സുണ്ടായത്. സൈന്യത്തില്‍ ചേരാനുള്ള നികിതയുടെ തീരുമാനം ആദ്യം ഇരു കുടുംബങ്ങളും എതിര്‍ത്തെങ്കിലും നികിതയുടെ ഉറച്ച തീരുമാനത്തോട് പിന്നീട് യോജിക്കുകയായിരുന്നു. 2018ലെ പുൽവാമ തീവ്രവാദ ആക്രമണത്തിൽ വീരമൃത്യു വരിച്ച വിഭൂതിക്ക് രാജ്യം ശൗര്യചക്ര നൽകി.
Post Your Comments