തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് മരണസംഖ്യ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 198 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ച്ചയായ 11-ാം ദിവസമാണ് കേരളത്തിലെ പ്രതിദിന കോവിഡ് മരണസംഖ്യ മൂന്നക്കം കടന്നക്കുന്നത്.
ഈ മാസം 19-ാം തീയതിയാണ് സംസ്ഥാനത്ത് ആദ്യമായി നൂറിന് മുകളില്‍ മരണം രേഖപ്പെടുത്തിയത്. 112 പേര്‍ക്കാണ് 19ന് ജീവന്‍ നഷ്ടമായത്. പിന്നീട് മരണത്തിന്റെ ഗ്രാഫ് താഴ്ന്നിട്ടില്ല. പലപ്പോഴും മരണസംഖ്യ 200നോട് അടുത്ത് എത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും മരണം കുറയാത്തതാണ് ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നത്.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 8500ലേയ്ക്ക് അടുക്കുകയാണ്. 8455 പേരാണ് കേരളത്തില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. മരണസംഖ്യ കുറയാന്‍ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ പറഞ്ഞിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടിയിരിക്കുകയാണ്.
Post Your Comments