ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതല്‍ വഷളാക്കിയത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗമെന്ന് ഐ സി എം ആര് . മാത്രമല്ല, ബ്ലാക്ക് ഫംഗസ് അടക്കമുള്ള അണുബാധ ഉണ്ടായവരില്‍ 56.7 ശതമാനം പേരും മരിച്ചെന്നും ഐ സി എം ആര് പറയുന്നു. രണ്ടാം തരംഗ കോവിഡിന് പിന്നാലെ ഫംഗസ് ബാധകള്‍ പിടിപ്പെട്ട പകുതിയിലേറെ പേരും മരിച്ചതായാണ് ഐ സി എം ആറിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ പത്ത് ആശുപത്രിയിലെ പഠനത്തിലാണ് ആശങ്കാജനകമായ കണ്ടെത്തലുള്ളത്. ആകെ 17,534 രോഗികളുടെ വിവരം പരിശോധിച്ചതില്‍ 3.6 ശതമാനം അതായത് 631 പേര്‍ക്ക് രണ്ടാംഘട്ട അണുബാധയുണ്ടായി. ഇവരില്‍ 56.7 ശതമാനം പേര് മരിച്ചു.
ലോകാരോഗ്യ സംഘടനയുടെ ‘വാച്ച്’ ഗണത്തിലുള്ള ആന്റിബയോട്ടിക്കാണ് രണ്ടാംഘട്ട അണുബാധയുണ്ടായവരില് 52.36 ശതമാനത്തിനും നല്‍കിയത്. അഞ്ചില്‍ ഒരാള്‍ക്ക് വീതം ‘അവസാനഘട്ടത്തില്‍’ നല്‍കേണ്ട ആന്റിബയോട്ടിക്കും നല്കി. മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയല്‍ അണുബാധയാണ് കൂടുതല്‍ രോഗികളിലും കണ്ടെത്തിയത്. ഇത്തരം തീവ്രത കൂടിയ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാകാം കൂടുതല്‍ മരണത്തിന് കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments