കൊളംബോ: ശ്രീലങ്കയ്ക്ക് സമീപം തീപിടുത്തം ഉണ്ടായ രാസവസ്തുക്കൾ കയറ്റിയ ചരക്കുകപ്പലിൽ നിന്നും വൻതോതിൽ നൈട്രജൻ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നതിനാൽ ആഡിസ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ശ്രീലങ്കയിലെ പരിസ്ഥിതി സംഘടനയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് പരിസ്ഥിതി സംഘടന നൽകിയിരിക്കുന്ന നിർദ്ദേശം.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് വരും ദിവസങ്ങളിൽ ജാഗ്രത പുലർത്തണമെന്നും മഴ കൊള്ളരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് പുറപ്പെട്ട ചരക്ക് കപ്പലിനാണ് തീപിടിച്ചത്. 1486 കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ ഉൾപ്പെടെയുള്ളവയാണ് ചരക്ക് കപ്പലിൽ ഉള്ളത്. 25 ടൺ നൈട്രിക് ആസിഡാണ് കപ്പലിൽ ഉള്ളത്. മെയ് 20 നാണ് കപ്പലിന് തീപിടിച്ചത്. കൊളംബോ തുറമുഖത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു തീപിടുത്തം. കപ്പലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷപ്പെടുത്തി.
കപ്പലിലെ ഇന്ധനടാങ്കുകളിലുള്ള എണ്ണ കടലിൽ കലർന്നാൽ വൻ പാരിസ്ഥിതിക ദുരന്തത്തിന് വഴിവെയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും ശ്രീലങ്കയും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
Post Your Comments