പാനൂര്‍ : പാലത്തായി യുപി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ടാമത്തെ അന്വേഷണ സംഘം പുതിയ തെളിവുമായി രംഗത്ത്. കേസ് നടന്നെന്ന് പറയുന്ന രണ്ടു വർഷത്തിന് ശേഷമാണു സ്‌കൂള്‍ ശുചിമുറിയിലെ ടൈല്‍സില്‍ നിന്നു ലഭിച്ച രക്തക്കറ പ്രധാന തെളിവായി സംഘം എടുത്തിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ അധികം വൈകാതെ തന്നെ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കും.
കോടതി വിധി വരും വരെ ഈ കേസിലെ രാഷ്ട്രീയ വിവാദങ്ങള്‍ തുടരാനാണ് സാധ്യത. അതേസമയം രണ്ടാമത്തെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പല ആരോപണങ്ങളുമുണ്ട്. പ്രതിയെ മനഃപൂർവം കുടിക്കാനായി പുതിയ തെളിവുകൾ ഉണ്ടാക്കുകയാണെന്നാണ് പലരുടെയും ആരോപണം. അതേസമയം കേസന്വേഷിച്ച ആദ്യസംഘം സംഭവം നടന്നെന്ന് പറയുന്ന ദിവസം അധ്യാപകൻ സ്‌കൂളിൽ എത്തിയിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.
ആസമയം അധ്യാപകന്റെ ഒരു ബന്ധുവിന്റെ ഓപ്പറേഷനായി ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ഇരയുടെ മൊഴിയുണ്ടായിട്ടും പോക്‌സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.
പീഡനം നടന്നെന്ന് പറയുന്ന ദിവസം അദ്ധ്യാപകന്‍ സ്‌കൂളിലെത്തിയില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ അദ്ധ്യാപകനെ വെറുതെ വിട്ടത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുതിയ തെളിവുകള്‍ കിട്ടുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് അദ്ധ്യാപകനം അനുകൂലിക്കുന്നവരും കണ്ടെത്തുന്നു. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന കടവത്തൂര്‍ കുനിയില്‍ പത്മരാജനാണു കേസിലെ പ്രതി.
2020 ജനുവരിയില്‍ സ്‌കൂള്‍ ശുചിമുറിയില്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. പോക്‌സോ കേസില്‍ 3 മാസം റിമാന്‍ഡിലായ അദ്ധ്യാപകന്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്ത കേസാണ് ഇത്.ആദ്യം പാനൂര്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജന്‍ മുങ്ങി. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിനെതിരേ അന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് പത്മരാജന്‍ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
പെണ്‍കുട്ടിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു.പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ശ്രീജിത്തിന്റെ കണ്ടെത്തൽ. തുടർന്ന് ഒരു ശബ്ദരേഖയും വിവാദമായിരുന്നു. തുടർന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോൾ വീണ്ടും മറ്റൊരു അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.
Post Your Comments