ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി എം.പിയുടെ വാഹനത്തിന് നേരെ സംഘടിത ആക്രമണം. രഞ്ജീത കോലിയുടെ വാഹനത്തിന് നേരെയാണ് ഒരുകൂട്ടം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.
ഭരത്പൂരിലെ ധര്‍സോനി ഗ്രാമത്തിലുള്ള പ്രാദേശിക ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് എം.പിയുടെ വാഹനം ആക്രമിച്ചത്. കല്ലും ഇരുമ്പ് വടികളുമായുണ്ടായ ആക്രമണത്തിന് പിന്നാലെ രഞ്ജീത കോലിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
രാവിലെ 11.30ഓടെയാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. എന്നാല്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കാറിലെത്തിയ സംഘം രഞ്ജീത കോലിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം കല്ലെറിയുകയായിരുന്നു. ഇരുമ്പ് വടികള്‍ ഉപയോഗിച്ച് ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ആക്രമണത്തെ രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ അപലപിച്ചു. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജസ്ഥാനില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments