ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനില്‍ നിന്ന് ഗ്രാമീണ മേഖലയെ ഒഴിവാക്കുന്നുവെന്ന പരാതിയ്ക്ക് പരിഹാരം. 1075 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് കോവിഡ് വാക്സിന് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി തലവന്‍ ആര്.എസ്.ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.
കലക്ടര്‍മാര്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ വരെയുള്ളവര്‍ ഗ്രാമീണ ജനതയെ ബോധവത്ക്കരിക്കുമെന്ന് ആര്.എസ് ശര്‍മ പറഞ്ഞു. വാക്സിന് സ്ലോട്ട് ലഭിക്കാനായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് സേവനവും ആവശ്യമായതിനാല്‍ വലിയ വിഭാഗം ആളുകള്‍ക്ക് വാക്സിനേഷന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. നഗര മേഖലകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലുള്ളവര്‍ക്ക് സാങ്കേതിക വിദ്യയെക്കുറിച്ച് പരിജ്ഞാനം കുറവാണെന്നതും വാക്സിനേഷനെ ബാധിച്ചു.
ടോള്‍ ഫ്രീ നമ്പറിലൂടെ വാക്സിന് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സംവിധാനം നിലവില്‍ വരുന്നതോടെ രാജ്യത്തെ വാക്സിനേഷന് പ്രക്രിയ കൂടുതല്‍ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. 20,57,20,660 വാക്സിന് ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. 3,20,380 വാക്സിന് ഡോസുകള്‍ അടുത്ത 3 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കൈമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments