തിരുവനന്തപുരം: കൊവിഡിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. കേസുകൾ വർധിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്തത് ആശങ്കയുണർത്തുന്നുണ്ട്. എത്ര വലിയ പ്രതിസന്ധികൾ ഉണ്ടെങ്കിലും തുരങ്കത്തിന് അപ്പുറത്തെ വെളിച്ചത്തിലേക്കെത്താൻ വഴിയുണ്ടെന്ന് പറയുകയാണ് മുരളി തുമ്മാരുകുടി. കൊറോണയെ വാക്സിനേഷൻ കൊണ്ട് ചെറുത്ത് തോൽപ്പിച്ച രാജ്യങ്ങൾ ഉണ്ടെന്നും അത് നമുക്കും മാതൃകയാക്കാമെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കോവിഡ്: തുരങ്കത്തിന് അപ്പുറത്തെ വെളിച്ചം…
കോവിഡിന്റെ രണ്ടാമത്തെ തരംഗം കേരളത്തിൽ താഴേക്ക് വരികയാണ്. പ്രതിദിന മരണങ്ങളുടെ എണ്ണം ഇപ്പോഴും നൂറിന് മുകളിലാണെങ്കിലും കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരം തന്നെയാണ്. കാരണം ആശുപത്രി ബെഡുകൾ, ഐ. സി. യു., വെന്റിലേറ്റർ, ഓക്സിജൻ എന്നിവയുടെ ആവശ്യം കുറഞ്ഞു വരുമല്ലോ. അത് കോവിഡ് ചികിത്സയേയും മറ്റു ചികിത്സകളേയും സഹായിക്കും. കേരളത്തിൽ കോവിഡ് കുറയുന്നത് ശക്തമായ ലോക്ക് ഡൌൺ നടപടികൾ കൊണ്ടാണ്. ആളുകൾ പരസ്പരം സന്പർക്കം ഉണ്ടാകുന്നത് കുറയുന്നതോടെ പകർച്ച നിരക്ക് (റീപ്രൊഡക്ഷൻ റേറ്റ്) ഒന്നിന് താഴേക്ക് വരുന്നൂ. ലോക്ക് ഡൌൺ റിലാക്സ് ചെയ്താൽ വീണ്ടും ആളുകൾ പരസ്പര സന്പർക്കത്തിൽ വരും, റീപ്രൊഡക്ഷൻ റേറ്റ് ഒന്നിന് മുകളിലേക്ക് പോകും, ചിലപ്പോൾ രണ്ടിന് മുകളിലാകും, കേസുകൾ അതിവേഗത്തിൽ കൂടും.
കേരളത്തിൽ കഴിഞ്ഞ തരംഗത്തിന് ശേഷം നടത്തിയ ആന്റിജൻ സർവ്വേ അനുസരിച്ച് പതിനൊന്ന് ശതമാനം ആളുകൾക്കാണ് അറിഞ്ഞോ അറിയാതെയോ രോഗം ഉണ്ടായി പോയത്. ഈ തരംഗത്തിൽ അടുത്ത പതിനഞ്ചു ശതമാനത്തിന് കൂടി വന്നു എന്ന് കരുതുക, അതിനും പുറമെ വാക്സിൻ എടുത്ത ഏതാണ്ട് ഇരുപത് ശതമാനം കൂടി കൂട്ടിയാലും കേരളത്തിലെ ആളുകളിൽ പകുതിയും ഇപ്പോഴും കൊറോണക്ക് അല്പം പോലും പ്രതിരോധം ഇല്ലാത്തവരാണ്. അതുകൊണ്ട് തന്നെ വീണ്ടും ഒരു തരംഗം ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഏറ്റവും നന്നായി കൊറോണയെ കൈകാര്യം ചെയ്യുന്ന ഒരു രാജ്യമാണ് കൊറിയ. അവിടെ നാലാമത്തെ തരംഗം വന്നു കഴിഞ്ഞു. ഇവിടെയും അതുണ്ടാകാതിരിക്കണമെങ്കിൽ ഒറ്റ മാർഗ്ഗമേ ഉള്ളൂ. സമൂഹത്തിൽ അൻപത് ശതമാനത്തിനെങ്കിലും വാക്സിനേഷൻ എത്തുന്നത് വരെ രോഗം പകരുന്ന നിരക്ക് ഒന്നിന് താഴെ നിർത്തുക. ഇത് ലോക്ക് ഡൌൺ ഇല്ലാതെ ചെയ്യാൻ നമ്മുടെ സമൂഹത്തിന് അച്ചടക്കം ഉണ്ടാകുമോ എന്നതാണ് വിഷയം. മുൻകാല അനുഭവത്തിൽ ലോക്ക് ഡൌൺ പിൻവലിച്ചാൽ വളരെ പെട്ടെന്ന് തന്നെ ആളുകൾ പഴയ നിലയിൽ പുറത്തിറങ്ങി തുടങ്ങും.
അനവധി ആളുകൾക്ക് സാന്പത്തികമായി വേറെ മാർഗ്ഗമില്ലാത്തതിനാൽ ലോക്ക് ഡൌൺ കഴിഞ്ഞാൽ പുറത്തിറങ്ങിയേ പറ്റൂ.
സാന്പത്തികമായി മാർഗ്ഗം ഉള്ളവർ പോലും മാനസികമായി തളർന്നു വരികയാണ്. അതിനാൽ ലോക്ക് ഡൌൺ മാറിയാൽ വേഗത്തിൽ പുറത്തിറങ്ങുന്നതിന് അവരെ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടം. രണ്ടാമത്തെ സ്‌കൂൾ വർഷവും ഓൺലൈൻ ആയി തുടങ്ങുന്നു. ഈ വർഷമെങ്കിലും സുഹൃത്തുക്കളെ കാണാൻ പറ്റുമോ എന്ന് അവർ സങ്കടപ്പെടുന്നു. ഇതൊക്കെ വലിയ മാനസിക ബുദ്ധിമുട്ട് കുട്ടികൾക്ക് ഉണ്ടാക്കുന്നുണ്ട്. അതിന് സമൂഹം ഏറെ നാൾ വില കൊടുക്കേണ്ടി വരും. ഇതൊക്കെക്കൊണ്ട് ലോക്ക് ഡൗണിൽ പതുക്കെപ്പതുക്കെ ഇളവുകൾ കൊണ്ട് വന്നേ പറ്റൂ. അതേസമയം കേസുകൾ കൂടിയാൽ കാര്യങ്ങൾ പഴയ പടി ആകുകയും ചെയ്യും. ആശുപത്രി സംവിധാനങ്ങളുടെ പരിധിയുടെ അടുത്തേക്ക് കാര്യങ്ങൾ പോകും, കേസുകൾ കൂടുന്പോൾ മരണങ്ങൾ കൂടും. ആശുപത്രിയുടെ പരിധി വിട്ടാൽ മരണ നിരക്ക് പെട്ടെന്ന് കൂടും. അപ്പോൾ എന്താണ് ഒരു പോം വഴി.
ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടത്തുക എന്നതാണ് പ്രധാന മാർഗ്ഗം. ഇക്കാര്യത്തിൽ സർക്കാർ പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. കൂടുതലാളുകൾക്ക് വാക്‌സിനേഷനും രോഗം വന്നുപോയതും മൂലം കൊറോണയോട് പ്രധിരോധ ശേഷി വന്ന യു. കെ. യിൽ എങ്ങനെയാണ് കേസുകൾ താഴേക്ക് പോയത് എന്ന് നോക്കൂ. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കുറഞ്ഞാലും നമ്മൾ സ്വയം പരമാവധി നിയന്ത്രണങ്ങൾ നില നിറുത്തുക എന്നതാണ് അടുത്ത കാര്യം. വേണ്ടി വന്നാൽ വീണ്ടും ലോക്ക് ഡൌൺ പ്രഖ്യാപിക്കുമെന്നും, എത്ര വേഗത്തിൽ രോഗം പരക്കുന്പോഴാണ് ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതെന്നും മുൻകൂർ ആളുകളോട് പറയുകയാണ് ശരിയായ കാര്യം. അപ്പോൾ ആ സ്ഥിതി വരാതിരിക്കുന്നതിൽ ആളുകൾക്ക് അല്പം താല്പര്യം കാണും. വാക്സിനേഷൻ ബഹുഭൂരിപക്ഷത്തിനും എത്തുന്നത് വരെ “സാധാരണ സ്ഥിതി” ഉണ്ടാകില്ല എന്നും, തരംഗങ്ങളും ലോക്ക് ഡൗണുകളും വീണ്ടും ഉണ്ടാകുമെന്നും, സ്വയം മനസ്സിലാക്കി അതിന് മാനസികമായി തയ്യാറെടുക്കുക എന്നതാണ് നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന കാര്യം. രണ്ടാമത്തെ ലോക്ക് ഡൌൺ രണ്ടു തവണ നീട്ടിയതിന് ശേഷം ഈ തരംഗം ഒന്ന് അവസാനിച്ചിട്ട് അല്പം സമാധാനമായിരിക്കാൻ ആഗ്രഹിക്കുന്നവരോട് വീണ്ടും മൂന്നാമത് തരംഗം ഉണ്ടാകാം എന്ന് പറയുന്നത് ഒട്ടും സന്തോഷമുള്ള കാര്യമല്ല എന്നെനിക്ക് അറിയാം. പക്ഷെ സത്യം അതാണ്.
കൂടുതൽ സന്തോഷം പകരുന്ന മറ്റൊരു കാര്യം പറയാം. കൊറോണയെ വാക്സിനേഷൻ കൊണ്ട് ചെറുത്ത് തോൽപ്പിച്ച രാജ്യങ്ങൾ ഇപ്പോൾ തന്നെ ഉണ്ട്. അവിടങ്ങളിൽ സ്‌കൂളുകൾ തുറക്കുന്നുണ്ട്. അവിടെയൊക്കെ സന്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ പഴയ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നുണ്ട്. അവിടെയൊക്കെ ആളുകൾക്ക് വലിയ തോതിൽ തൊഴിൽ ഉണ്ടാകുന്നുണ്ട്, ശന്പളം കൂടുന്നുണ്ട്. ഈ കൊറോണയുടെ തുരങ്കത്തിനപ്പുറം വെളിച്ചം ഉണ്ട്, ഉറപ്പാണ്. നാട്ടിലേതിലും മോശമായ സ്ഥിതിയും, മരണ നിരക്കും, കർശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്ന യൂറോപ്പിൽ പലയിടത്തും ആ വെളിച്ചം ഞാൻ കാണുന്നുണ്ട്. തുരങ്കം മറികടന്ന് ജീവനോടെ പുറത്തു വരിക എന്നതാണ് പ്രധാനം. ക്ഷമയോടെ ഇരിക്കുക, സുരക്ഷിതരായിരിക്കുക, മുരളി തുമ്മാരുകുടി.
Post Your Comments