കണ്ണൂർ : രാജ്യവ്യാപകമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്ന സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച നടപടി റദ്ദ് ചെയ്ത് കണ്ണൂർ ജില്ലാ കളക്ടർ. ഇന്നലെയായിരുന്നു കളക്ടർ ടി.വി സുഭാഷ് സേവാഭാരതിയെ റിലീസ് ഏജൻസിയായി പ്രഖ്യാപിക്കുന്നതായി ഉത്തരവിറക്കിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനത്തെ തുടർന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ നടപടിക്കെതിരെ ഇടത് അനുകൂല പ്രൊഫൈലുകൾ രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് പ്രഖ്യാപനം റദ്ദ് ചെയ്തതെന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ആരോപണം.
അതേസമയം, സേവാഭാരതി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ഉപയോഗിച്ച് സന്നദ്ധ പ്രവർത്തനം നടത്തി വരുന്നത് ബോധ്യപ്പെട്ടതിനാലാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ വ്യക്തമാക്കുന്നത്. റിലീഫ് ഏജൻസിയായി പ്രഖ്യാപിക്കുന്ന സംഘടനകൾ കക്ഷി രാഷ്ട്രീയ സാമുദായിക താൽപ്പര്യങ്ങളില്ലാതെ പ്രവർത്തിക്കേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു.
കൊറോണയുടെ ആരംഭം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതി ജില്ലാ ഭരണ കൂടത്തെയും ആരോഗ്യവകുപ്പിനെയും സഹായിച്ചുവരികയാണ്. കഴിഞ്ഞ ഒരു വർഷത്തിലേറയായി ഭരണകൂടത്തെ സഹായിക്കുന്ന സേവാഭാരതിയെ രാഷ്ട്രീയ കാരണത്താൽ തള്ളിപ്പറയുന്നത് യോജിക്കാനാകില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സിപിഎം നേതൃത്വം നൽകുന്ന ഐആർപിസിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച നടപടി പിൻവലിച്ചോയെന്നും ചോദ്യമുയരുന്നു.
Post Your Comments