ഡൽഹി: സർക്കാരിന് ഉൽപാദകരിൽനിന്ന് നേരിട്ട് വാങ്ങാവുന്ന വാക്സീൻ ഡോസുകൾക്ക് കേന്ദ്ര സർക്കാർ പരിധി നിശ്ചയിച്ചു. ജൂൺ മാസത്തിൽ 3 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 92,000 ഡോസ് കോവാക്സീനുമാണ് ഡൽഹി സർക്കാരിന് വാങ്ങാൻ സാധിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷനൽ സെക്രട്ടറി മനോഹർ അഗ്നാനി, ഡൽഹി ആരോഗ്യ മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി വിക്രം ദേവ് ദത്തിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രിൽ 21നാണ് സംസ്ഥാനങ്ങൾക്ക് ഉൽപാദകരിൽനിന്ന് നേരിട്ട് വാക്സീൻ വാങ്ങാൻ കേന്ദ്രം അനുമതി നൽകിയത്. വാക്സീൻ വാങ്ങാൻ സംസ്ഥാനങ്ങൾക്കും സ്വാതന്ത്ര്യം നൽകുകയാണു ചെയ്തതെന്നാണ് ഇക്കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അതേസമയം, സംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് വാക്സീൻ ഉൽപാദിപ്പിക്കാൻ സാധിക്കില്ലെന്ന് കമ്പനികൾ വ്യക്തമാക്കിയിരുന്നു.
കമ്പനികളിൽ നേരിട്ട് 67 ലക്ഷം ഡോസ് വാക്സീൻ ഓർഡർ നൽകിയിട്ടും തുച്ഛമായ ഡോസുകൾ മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി. അതേസമയം, ഓരോ സംസ്ഥാനങ്ങൾക്കും 18നും 44നും ഇടയിൽ പ്രായമുള്ളവരുടെ ആനുപാതികമായാണ് കമ്പനികളിൽ നിന്ന് നേരിട്ട് വാക്സീൻ വാങ്ങാൻ സാധിക്കുക എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Post Your Comments