ഡല്‍ഹി: കോവിഡ് വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ ഇളവ് വരുത്തണമെന്നുമുള്ള ആവശ്യത്തിൽ ജി.എസ്.ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും.
നിലവില്‍ കോവിഡ് വാക്സിന് ഏർപ്പെടുത്തിയിരിക്കുന്ന അഞ്ച് ശതമാനം നികുതി പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നികുതി നിരക്ക് ഗണ്യമായി കുറച്ച് 0.1 ശതമാനമാക്കണമെന്ന മറ്റൊരു നിര്‍ദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് മുൻപിലുണ്ട് . വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഈ രണ്ട് നിർദ്ദേശങ്ങളെയും കേന്ദ്ര ധനകാര്യ മന്ത്രാലയം ചർച്ചയ്ക്ക് പരിഗണിക്കും.
കോവിഡ് വാക്സിൻ സ്വന്തം നിലയ്ക്ക് വാങ്ങേണ്ടി വരുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികാവസ്ഥ ഭദ്രമാക്കുന്നതിനായി 25 മുതല്‍ 30 ശതമാനം വരെ മൂലധന ചെലവുകള്‍ വെട്ടികുറയ്ക്കുമെന്ന് ചില സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്.
Post Your Comments