കോഴിക്കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതിയറയിലാണ് സംഭവം. പടന്നയിൽ പത്മാവതിയാണ് മരിച്ചത്. കെഎസ്ഇബിയുടെ അനാസ്ഥ കാരണമാണ് ഒരു മനുഷ്യ ജീവൻ പൊലിഞ്ഞതെന്നാണ് ഉയരുന്ന ആരോപണം. വൈദ്യുതി കമ്പി പൊട്ടി വീണത് കെഎസ്ഇബിയെ അറിയിച്ചിട്ടും മാറ്റാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
Read Also: പൂട്ട് വീഴുമോ? ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് എന്നിവ നിരോധിക്കുമെന്ന വാർത്തയിലെ സത്യാവസ്ഥ എന്ത്?
വീടിന് സമീപത്തെ പറമ്പിലെ വെള്ളക്കെട്ടിലേക്കാണ് വൈദ്യുതി കമ്പി പൊട്ടി വീണത്. എരുമയ്ക്ക് വെള്ളം നൽകാൻ പോകുന്നതിനിടെ ഈ വെള്ളത്തിൽ നിന്നും പത്മാവതിയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പത്മാവതി തിരിച്ച് വരാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് പോയപ്പോഴാണ് ഇവരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് കെഎസ്ഇബി അധികൃതരെത്തി ആ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മൃതദേഹം പുറത്തെടുത്തു. ലൈൻ പൊട്ടി വീണ വിവരം അയൽവീട്ടുകാർ അറിയിച്ചിട്ടും കെഎസ്ഇബി അധികൃതർ എത്തി പ്രശ്‌നം പരിഹരിക്കാത്തതാണ് പത്മാവതിയുടെ മരണത്തിന് കാരണമെന്നാണ് ഉയരുന്ന വിമർശനം.
അതേസമയം ലൈൻ പൊട്ടിവീണ വിവരം ആരും അറിയിച്ചിട്ടില്ലെന്നും പ്രദേശത്ത് വൈദ്യുതി ഇല്ലെന്ന മാത്രമാണ് വിവരം ലഭിച്ചതെന്നുമാണ്‌കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
Post Your Comments