തിരുവനന്തപുരം: വിദേശത്ത് പോകുന്നവർ രണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് പരിഹരിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്ത് പോകുന്നവർക്കായി വാക്സിനേഷന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Read Also: മാസ്കുകൾ എങ്ങനെ ഉപയോഗിക്കണം; നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി
വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സിൻ ലഭ്യമാകുന്നില്ലെന്ന പ്രശ്നമുണ്ട്.വിദേശത്ത് അംഗീകരിച്ച വാക്സിൻ കൊവിഷീൽഡാണ്. കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് നിലവിലുള്ള നിർദ്ദേശം. 84 ദിവസത്തിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളയാൾ തിരിച്ച് പോകുന്നതെങ്കിൽ അയാൾക്ക് ജോലി നഷ്ടപ്പെട്ടെന്ന് വരാം. അത്തരം അനേകം കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് ജോലിയുള്ളവർക്ക് വാക്സിൻ നൽകാൻ സൗകര്യമൊരുക്കും. 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവാക്സിന് വിദേശത്ത് അംഗീകാരം ഇല്ല. അക്കാര്യത്തിൽ കേന്ദ്ര സർക്കാർ തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. കൊവാക്സിന് എത്രയും വേഗം അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments