കണ്ണൂര്‍: കൊവിഡിന് പിന്നാലെ രാജ്യത്തെ ആശങ്കയിലാക്കിയ ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയ ഡോക്ടര്‍മാരില്‍ മലയാളിയും. കൂത്തുപറമ്പ് കോട്ടയംപൊയില്‍ സ്വദേശിയും ഋഷികേശ് എയിംസിലെ നേത്രരോഗ വിദഗ്ദ്ധനുമായ ഡോ. അതുല്‍ എസ്. പുത്തലത്തിനാണ് ഈ അപൂര്‍വ്വ നേട്ടം. എയിംസില്‍ ആവിഷ്‌കരിച്ച ചികിത്സാരീതിയുടെ അടിസ്ഥാനത്തിലാണ് ദേശീയതലത്തില്‍ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കിയത്.
ആശുപത്രികളില്‍ ബ്ളാക്ക് ഫംഗസ് രോഗികളുടെ പരിചരണം ഈ മാര്‍ഗനിര്‍ദ്ദേശം പാലിച്ചാണ്. ഒഫ്താല്‍മോളജി, ഇ.എന്‍.ടി, ദന്തരോഗവിഭാഗം, ന്യൂറോ സര്‍ജറി, മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് മാര്‍ഗരേഖ.ഒഫ്താല്‍മോളജി വിഭാഗത്തിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ഡോ.അതുലിന്റേതാണ്.
ഉത്തരാഖണ്ഡ് സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോണ്‍ഗ്രസിന്റെ യംഗ് സയന്റിസ്റ്റ് അവാര്‍ഡ്, നാഷണല്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് കോംപറ്റീഷനില്‍ രണ്ട് തവണ യംഗ് റിസര്‍ച്ചര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കടുത്ത പ്രമേഹരോഗികളിലാണ് ബ്ളാക്ക് ഫംഗസ് ബാധ കൂടുതല്‍.
കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കുന്ന മരുന്നുകളില്‍ ഏറിയ പങ്കും സ്റ്റിറോയിഡാണ്. പ്രമേഹം കൂടാന്‍ ഇതിടയാക്കും.
അതോടെ ബ്ളാക്ക് ഫംഗസ് കണ്ണിനെ ബാധിക്കുമെന്നാണ് അതുലിന്റെ കണ്ടെത്തല്‍. കൊവിഡ് ബാധിച്ച പ്രമേഹരോഗികള്‍ നനവുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുക. വസ്ത്രങ്ങളും പുതപ്പും കിടക്കവിരിയും നനവ് പറ്റാതെ വൃത്തിയായി സൂക്ഷിക്കുകതുടങ്ങിയവ ആണ് മുൻകരുതൽ. കൊവിഡ് മൂലം പ്രതിരോധശേഷി കുറയുന്നവരിലാണ് രോഗസാധ്യത കുടുതല്‍. നെഗറ്റീവായവര്‍ക്കും ബാധിക്കാം.
ഭയക്കേണ്ട, ജാഗ്രത മതി. പ്രമേഹമുള്ളവരാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് എന്നാണ് ഡോക്ടർ അതുൽ പറയുന്നത്.നാലു വര്‍ഷമായി ഋഷികേശ് എയിംസില്‍ സീനിയര്‍ റസിഡന്റാണ് അതുല്‍, കോഴിക്കോട്ടെ പുത്തലത്ത് ഐ ഹോസ്‌പിറ്റലിന്റെ ചെയര്‍മാന്‍ ഡോ. സുരേഷ് പുത്തലത്തിന്റെയും ഗൈനക്കോളജിസ്‌റ്റ് ഡോ. ബാല ഗുഹന്റെയും മകനാണ്. ഡോ. ത്രിഷ ഭാര്യയും ഷിവാന്‍ മകനുമാണ്.
Post Your Comments