തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ബി.ജെ.പി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹാജരാകാന്‍ കഴിയില്ലെന്ന വിവരം ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അതേസമയം കവര്‍ച്ചാ കേസിലെ മൂന്നരക്കോടി എത്തിയത് ആലപ്പുഴ സ്വദേശി കര്‍ത്തയ്ക്ക് കൈമാറാനാണെന്ന് പൊലീസ് കണ്ടെത്തി.
ഇടപാടിന് ഇടനില നിന്ന ധര്‍മരാജന്‍, സുനില്‍ നായിക് എന്നിവരില്‍ നിന്നാണ് പൊലീസിന് ഈ മൊഴി കിട്ടിയത്. കര്‍ത്ത ആര്‍ക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.കുഴല്‍പ്പണം വന്നത് കര്‍ണാടകയില്‍ നിന്നാണെന്നും പോലീസ് കണ്ടെത്തിയതായാണ് മാധ്യമ റിപ്പോർട്ട്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ഗണേശന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് തൃശ്ശൂരില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഫോണിലൂടെയാണ് അന്വേഷണ സംഘം ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അസൗകര്യങ്ങള്‍ മൂലം ചോദ്യം ചെയ്യല്ലിന് ഹാജരാകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഗണേശനും ഗിരീഷും അറിയിച്ചതായാണ് വിവരം. ബിജെപിയിലേക്ക് അന്വേഷണം ചുരുക്കാനാണ് ശ്രമമെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍ ബിജെപി മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവര്‍ക്ക് പിന്നാലെയാണ് സംസ്ഥാന നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇതിനിടെ കുഴൽ പണക്കേസ് ഇഡി ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പണത്തിന്റെ ഉറവിടം കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റിനു മാത്രമേ കഴിയൂ എന്ന വിലയിരുത്തലിലാണ് കേസ് കൈമാറുക.
അതേസമയം കേസിൽ പാർട്ടിക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു സംഭവത്തിൽ ആർഎസ്എസിനും അമർഷമുണ്ട്. വിഷയത്തിൽ ആർഎസ്എസ് ഇടപെട്ടേക്കുമെന്നാണ് സൂചന.
Post Your Comments