ഷാർജ: കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കി തിരുവനന്തപുരത്തുകാരി ജെനി ജെറോം. എട്ടാം ക്ലാസിൽ തുടങ്ങിയ ആഗ്രഹം അവളെ ഇന്ന് കോക്പിറ്റിൽ എത്തിച്ചു. കോക്പൈലറ്റായുള്ള ജെനിയുടെ ആദ്യയാത്രയായിരുന്നു ഇന്നലെ. ഇന്നലെ രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനത്തിൽ ജെനിയുണ്ടായിരുന്നു. ജെനിയുടെ സ്വപ്നയാത്ര ലക്ഷ്യത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും ബന്ധുക്കളും.
എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റായി വിമാനം നിയന്ത്രിച്ചത് തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ്. ജെറോം ജോറിസിന്റെ മകളായ ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പൈലറ്റ് ആകണമെന്ന ആഗ്രഹം ഏവരേയും അറിയിക്കുന്നത്. പെൺകുട്ടിയല്ലേ എന്ന ചോദ്യമൊന്നും അവളെ തളർത്തിയില്ല. പൈലറ്റ് ആകണമെന്ന ആഗ്രഹത്തിനു കൂടെ നിന്നത് അച്ഛൻ ജെറൊം തന്നെയാണ്.
ജെനിയുടെ ആദ്യ യാത്ര തന്നെ ജന്മനാടായ തിരുവനന്തപുരത്തേക്കായിരുന്നു എന്നത് തന്നെ ഒരു നിയോഗം. രണ്ട് വർഷം മുൻപ് പരിശീലനത്തിനിടെ ജെനിക്ക് ഒരു അപകടമുണ്ടായിരുന്നു. എന്നാൽ, തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്ന ജനിയെ അതൊന്നും ബാധിച്ചില്ല.
Post Your Comments