കായംകുളം: ചരിത്രം തിരുത്തി പിണറായി സര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലേറുന്നതിെന്റ ആഘോഷലഹരിയില്‍ സംസ്ഥാനമൊട്ടാകെ രാഷ്ട്രീയചര്‍ച്ചകള്‍ മുറുകുന്നതിനിടെ സമൂഹ മാധ്യമങ്ങളിലെ സി.പി.എം മുഖമായിരുന്ന ‘പോരാളി ഷാജി’യുമായി ബന്ധപ്പെട്ട നിഗൂഢത മറ്റൊരു ചര്‍ച്ച സജീവമാക്കുന്നു. ‘പോരാളി ഷാജി’ പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന തിരിച്ചറിവില്‍ നേതാക്കളുടെ മുന്നറിയിപ്പാണ് ഇടതുകേന്ദ്രങ്ങളില്‍ സ്വീകാര്യത നേടിയ ഫേസ്ബുക്ക് പേജിന്റ ഉറവിടം സംബന്ധിച്ച ചര്‍ച്ചക്ക് വഴിതുറന്നത്.
മന്ത്രിമാരെ തീരുമാനിച്ച പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്തതാണ് ‘ഷാജി’ക്കെതിരെ പൊടുന്നനെ എതിര്‍പ്പ് ഉയര്‍ത്തിയത്. പോരാളി ഷാജി നിഗൂഢമായ അജ്ഞാതസംഘമാണെന്ന മുന്നറിയിപ്പുമായി ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം രംഗത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച മുറുകി. വിമര്‍ശനവുമായി ഡി.വൈ.എഫ്.െഎ രംഗത്തുവന്നതോടെ ‘ഗുഡ്ബൈ’ അടിച്ച് പേജ് ക്ലോസ് ചെയ്തെങ്കിലും കടുത്ത വിമര്‍ശനവുമായി മണിക്കൂറുകള്‍ക്കകം വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് സജീവമാകുകയായിരുന്നു.
റഹീമേ, നിങ്ങള്‍ കുറച്ച് ശിങ്കിടികള്‍ വിചാരിച്ചതുകൊണ്ട് കിട്ടിയതാണ് ഈ വിജയമെന്ന് അഹങ്കരിക്കരുത്’ എന്നായിരുന്നു മറുപടി. മുഖമില്ലാത്തവരും അറിയപ്പെടാത്തവരും വിമര്‍ശകരും അനുഭാവികളും രാപ്പകല്‍ അധ്വാനിച്ചതിെന്റ ഫലംകൂടിയാണ് ഈ വിജയമെന്ന് മറന്നുപോകരുതെന്നുള്ള നീണ്ടൊരു വിശദീകരണത്തിനുശേഷമാണ് പേജ് അടച്ചത്.’ഭയഭക്തി ബഹുമാനങ്ങള്‍ കമ്യൂണിസം എന്ന ആശയത്തോട് മാത്രമാണ്. അല്ലാതെ ഇന്നലെ പൊട്ടിമുളച്ച വെട്ടുകിളിക്കൂട്ടങ്ങളോടല്ല’ എന്ന് തുടങ്ങി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനത്തോടെയാണ് വീണ്ടും പേജ് സജീവമായത്.
ശൈലജ ടീച്ചറെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ ഷാജിയുടെ വിമര്‍ശനത്തെ വലിയൊരു വിഭാഗം പാര്‍ട്ടി അണികള്‍ പിന്തുണച്ചിരുന്നു. ഇത്തരം ചര്‍ച്ചകളും പിന്തുണകളും പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയതയുടെ വിത്ത് മുളപ്പിക്കുമോയെന്ന സംശയമാണ് ഷാജിക്കെതിരെ രംഗത്തുവരാന്‍ നേതാക്കളെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. എട്ടര ലക്ഷത്തോളം പേരാണ് പേജ് പിന്തുടരുന്നത്. പാര്‍ട്ടിയിലെ ഉത്തരവാദിത്തസ്ഥാനം വഹിക്കുന്നവരുടെ പിന്തുണയുള്ള പേജാണ് ഇതെന്ന ചര്‍ച്ചയും സജീവമായിരുന്നു.
ഇതിനിടെ, പാര്‍ട്ടിയെയും നേതാക്കളെയും വെട്ടിലാക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ വന്നതോടെയാണ് ഷാജിയുടെ ഉറവിടം സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്. പുതിയ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സജി ചെറിയാനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ആലപ്പുഴ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
Post Your Comments