Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അങ്ങനെ അന്ധവിശ്വാസങ്ങളെ തൂത്തെറിഞ്ഞ് മന്മോഹന്‍ ബംഗ്ലാവിനും അവകാശിയായി

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളെ തൂത്തെറിഞ്ഞ് മന്മോഹന്‍ ബംഗ്ലാവിനും 13-ാം നമ്പര്‍ കാറിനും ആളായി. മന്ത്രിമാര്‍ വാഴില്ലെന്ന് പഴിയുള്ള മന്മോഹന്‍ ബംഗ്ലാവില്‍ പുതിയ താമസക്കാരനായി എത്തുന്നത് വേറെ ആരുമല്ല, മന്ത്രി ആന്റണി രാജു. മന്ത്രിമാര്‍ക്കുള്ള വസതി അനുവദിച്ച് ഉത്തരവ് ഇറങ്ങിയതോടെയാണ് ഇത് വ്യക്തമായത്. തിരുവനന്തപുരം സ്വദേശിയായ ആന്റണി രാജുവിന് മന്മോഹന്‍ ബംഗ്ലാവിനെ പേടിയില്ല എന്നുവേണം കരുതാന്‍. തോമസ് ഐസക്ക് താമസത്തിനായി തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തെ തകര്‍ത്തെറിഞ്ഞ് വിപ്ലവം ഉണ്ടാക്കാനായിരുന്നു. പിണറായി ഭരണത്തിന് മുമ്പുള്ള ഇടതുസര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ മോന്‍സ് ജോസഫ് വരെ നാല് മന്ത്രിമാര്‍ വരെ മാറി താമസിച്ചിട്ടും രാശിപിഴച്ച വീടാണിത്. മന്മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ പിന്നീട് നിയമസഭ കാണില്ലെന്നാണ് അന്ധവിശ്വാസം. തോമസ് ഐസക്കിന്റെ കാര്യത്തിലും ഇതു സംഭവിച്ചു. പല അതികായകര്‍ക്കും അടിതെറ്റി. അപ്പോഴും മന്മോഹന്‍ ബംഗ്ലാവ് ഒരു മന്ത്രിക്ക് ഏറ്റെടുക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. നറുക്ക് ആന്റണി രാജുവിന് വീണു.

Read Also : ദുശ്ശകുന പേടി കാരണം മന്ത്രിമാര്‍ ഒഴിവാക്കുന്ന 13-ാം നമ്പര്‍ സ്റ്റേറ്റ് കാറിനു അവകാശിയായി

മന്മോഹന്‍ ബംഗ്ലാവില്‍ താമസിക്കാന്‍ പൊതുവെ ആര്‍ക്കും താല്‍പ്പര്യമില്ല. അതികായര്‍ അടിതെറ്റി വീണ വീടാണ് ഇത്. എം.വി രാഘവന്‍ അവസാനം മന്ത്രിയായപ്പോള്‍ താമസിച്ചത് ഇവിടെയായിരുന്നു. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ച ആര്യാടന്‍ മുഹമ്മദും അവസാനം മന്ത്രിയായപ്പോള് താമസിച്ചത് ഇവിടെയാണ്. രാശിപ്പിഴ തീര്‍ക്കാന്‍ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും മറ്റും ചെയ്തത് വിവാദമായിരുന്നു. കോടിയേരി താമസിക്കുമ്പോഴായിരുന്നു ഈ മാറ്റം. മന്ത്രിമന്ദിരങ്ങളില്‍ ഏറ്റവും പ്രൗഢവും വിശാലവുമായതാണ് രാജ്ഭവനോട് ചേര്‍ന്നുനില്‍ക്കുന്ന മന്മോഹന്‍ ബംഗ്ലാവ്.

സിപിഐ മന്ത്രിമാര്‍ നേരത്തെ ഉപയോഗിച്ച വസതികള്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ 20 മന്ത്രിമാരില്‍ നിന്നു എണ്ണം 21 ലേക്ക് ഉയര്‍ന്നതോടെ ഒരു വസതി അധികം കണ്ടെത്തേണ്ടി വരും. അതുകൊണ്ട് തന്നെ മന്മോഹന്‍ ബംഗ്‌ളാവിനെ ഒഴിവാക്കാനും കഴിഞ്ഞില്ല

സി.പി.ഐ പ്രതിനിധിയും കൃഷിമന്ത്രിയുമായ പി.പ്രസാദിനാണ് 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍. 13-ാം നമ്പര്‍ നല്ലതല്ലെന്ന വിശ്വാസം കാരണം മുന്‍പ് പലരും ഈ നമ്പര്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ തോമസ് ഐസക്കും സുനില്‍കുമാറും ഈ കാറിനായി സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഐസക്കിനാണ് കാര്‍ ലഭിച്ചത്.

വി എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എം. ബേബിയും കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയെന്ന കൗതുകവുമുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തില്‍ 13-ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ പല മന്ത്രിമാരും മടിച്ചു നിന്നപ്പോള്‍ മന്ത്രി തോമസ് ഐസക് മുന്നോട്ടു വരികയായിരുന്നു. 13-ാം നമ്പരിനെ ഇടതു മന്ത്രിമാര്‍ക്ക് പേടിയാണെന്നു ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ, തോമസ് ഐസക്, 13-ാം നമ്പര്‍ കാര്‍ നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു.

യുഡിഎഫ് മന്ത്രിസഭയിലെ ആരും 13- ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നില്ല. 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയ എം.എം. ബേബി പിന്നീട് കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതും കൗതുകം. 13-ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്ന തോമസ് ഐസക് ഇത്തവണ നിയമസഭ കണ്ടതുമില്ല. വിഎസിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ മോന്‍സ് ജോസഫ് വരെ നാലു മന്ത്രിമാര്‍ മാറി മാറി താമസിച്ചിട്ടും രാശിയില്ലെന്നു മുദ്രകുത്തപ്പെട്ട ബംഗ്ലാവാണ് മന്മോഹന്‍ ബംഗ്ലാവ്. ഈ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ പിന്നീട് നിയമസഭ കാണില്ലെന്നതാണ് അന്ധവിശ്വാസം. ഇതു വകവയ്ക്കാതെയാണ് തോമസ് ഐസക്, ഒന്നാം പിണറായി മന്ത്രിസഭയില്‍ മന്മോഹന്‍ ബംഗ്ലാവില്‍ താമസിക്കാന്‍ തയ്യാറായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button