കോഴിക്കോട് : രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായി ചുമതലയേല്‍ക്കുന്ന വീണ ജോര്‍ജിനെ പിതൃശൂന്യരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും പ്രചരിക്കുന്നു. 2012 ജൂലൈ 29-ലേതാണ് പോസ്റ്റ്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് ഇന്ത്യവിഷന് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ചിത്രത്തെ ചൊല്ലി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ക്യാപ്റ്റന്‍ ലക്ഷ്മിക്ക് വിട ചൊല്ലി ഇന്ത്യവിഷന് നല്കിയ പോസ്റ്ററിലെ ഫോട്ടോയില്‍ അവരുടെ തൊപ്പിയില്‍ സി.പി.എം എന്നെഴുതിയത് മായ്ച്ചുകളഞ്ഞു എന്നാണ് വിവാദമുയര്‍ന്നത്. ഇതിനെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ ‘പിതൃശൂന്യര്‍’ എന്ന തലക്കെട്ടില്‍ പങ്കുവെച്ച പോസ്റ്ററില്‍ അന്ന് ഇന്ത്യ വിഷനില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്ന വീണ ജോര്‍ജിന്റെ ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. ‘ഇത്രയും വേണോ സി.പി.എം വിരോധം. സഖാവ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ തൊപ്പിയിലെ സി.പി.എം എന്നെഴുതിയത് മായ്ച് കളഞ്ഞിരിക്കുന്നു. ലജ്ജാവഹം’ എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍.
വീണ ജോര്‍ജിനൊപ്പം അന്നത്തെ സഹപ്രവര്‍ത്തകരായ എം.പി. ബഷീര്‍, സനീഷ് ഇളയടത്ത് എന്നിവരുടെ ചിത്രങ്ങളും ചേര്‍ത്തിരുന്നു. ഈ പോസ്റ്ററാണ് കോടിയേരി ബാലകൃഷ്ണന് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ന്യൂസ്റൂമിലെ കാപട്യങ്ങള്‍ക്ക് രക്തസാക്ഷികളുടെ പിന്മുറക്കാര് മറുപടി ചോദിക്കുമെന്നും അന്ന് നിഷ്പക്ഷ മാധ്യമ ധര്‍മ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തിയാല്‍ മാപ്പ് കിട്ടില്ലെന്നുമാണ് കോടിയേരി എഴുതിയിരിക്കുന്നത്.
Post Your Comments