തിരുവനന്തപുരം : സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ പുതിയ ചീഫ് എഡിറ്റര്‍. ചീഫ് എഡിറ്ററായിരുന്ന പി. രാജീവ് മന്ത്രിയായതിനെത്തുടര്ന്നാണു പുതിയ തീരുമാനം. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണു കോടിയേരിയെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററാക്കാന്‍ തീരുമാനിച്ചത്.
അതേസമയം പിണറായി സര്‍ക്കാരിന്റെ രണ്ടാം ദൗത്യത്തിന് ഇന്ന് തുടക്കമിടും. വൈകുന്നേരം മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ. ഇതോടെ കേരള ചരിത്രത്തിലെ ആദ്യ തുടര്‍ഭരണം ഇന്നുമുതല്‍ ആരംഭിക്കും. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ പ്രവേശനമുള്ളു. ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് ലഭിച്ചവര്‍ ഉച്ചയ്ക്ക് 2.45 ന് മുന്‍പ് സ്റ്റേഡിയത്തില്‍ എത്തേണ്ടതുണ്ടെന്ന് നിര്‍ദ്ദേശമുണ്ട്.
മാത്രമല്ല ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കണം. ഒപ്പം ശാരീരിക അകലം അടക്കമുള്ള പ്രോട്ടോകോള്‍ പാലിക്കണം. സെക്രട്ടറിയറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റ് വഴിയാണ് പ്രവേശനം.
ഇതിനിടയില്‍ 500 പേരെ പങ്കെടുപ്പിച്ചിട്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളെക്കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഇന്നലെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ എംഎല്‍എമാരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ നിന്നൊഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments