ന്യൂഡൽഹി: കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. വളത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സബ്സിഡി 140 ശതമാനം സർക്കാർ ഉയർത്തി. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ വളത്തിന് വില കൂടിയെങ്കിലും കർഷകർക്ക് നേരത്തേ വാങ്ങിയ അതേ വിലയ്ക്ക് തന്നെ വീണ്ടും വളം വാങ്ങാൻ കഴിയും.
കർഷകർക്ക് സബ്സിഡി നൽകുന്നതിനായി സർക്കാർ 14,775 കോടി രൂപയാണ് കൂടുതലായി അനുവദിക്കുന്നത്. ഇതോടെ സബ്‌സിഡിയ്ക്കായി സർക്കാർ അനുവദിച്ച മൊത്തം തുക 95,000 കോടിയായി ഉയരും. പുതിയ തീരുമാനം അനുസരിച്ച് കർഷകർക്ക് ഓരോ വളംചാക്കിലും 1200 രൂപ വീതം സബ്സിഡി കിട്ടും. നേരത്തേ സബ്സിഡി തുക 500 ആയിരുന്നു. ഡി അമോണിയം ഫോസ്ഫേറ്റ് നിലവിൽ ആഗോളമായി ലഭിക്കുന്നത് 2400 രൂപയ്ക്കാണ്. സബ്‌സിഡി കേന്ദ്രം നൽകുന്നതോടെ നേരത്തേ വാങ്ങിയ 1200 രൂപയ്ക്ക് തന്നെ കർഷകർക്ക് ഒരു ചാക്ക് വളം വാങ്ങാൻ കഴിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തല യോഗത്തിലാണ് വളത്തിന് വില ഉയരുമ്പോൾ സബ്‌സിഡി നൽകാമെന്ന് തിരുമാനമെടുത്തത്. ഫോസ്ഫറിക് ആസിഡ്, അമോണിയ തുടങ്ങി വളം നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വില അന്താരാഷ്ട്ര വേദിയിൽ ഉയരുന്നത് കൊണ്ടാണ് വളത്തിന് വില കൂടുന്നതെന്ന് യോഗം വിലയിരുത്തി.
അന്താരാഷ്ട്ര വിപണിയിൽ വില എത്ര ഉയർന്നാലും കർഷകർക്ക് പഴയ വിലയിൽ തന്നെ വളം കിട്ടുമെന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments