KeralaLatest NewsNews

അതിദാരിദ്ര്യം അഞ്ചു വർഷം കൊണ്ട് ഇല്ലാതാക്കും; ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക നയം രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ച് വർഷം കൊണ്ട് ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി അവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക നയം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സമ്പദ് ഘടനയിലെ മികച്ച തൊഴിലുകൾ സൃഷ്ടിക്കും. ആധുനികവും മികച്ച തൊഴിൽ ശേഷിയുമുള്ള സമ്പദ് ഘടനയുണ്ടാക്കും. 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും. ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും തൊഴിലവസരം കൂടുതൽ ഉറപ്പാക്കുകും ചെയ്യും. ഒരാളെയും ഒഴിച്ചുനിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കസേരകള്‍ അകലം പാലിച്ചു, പന്തലിന് ചുറ്റും ആള്‍ക്കൂട്ടം; രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വിവാദമാകുന്നു

സംസ്ഥാനത്തെ വനഭൂമിയുടെ അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തും. 2025 ഓടെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. മാംസം, മുട്ട എന്നിവയുടെ ഉൽപ്പാദനത്തിൽ മികച്ച വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കും. ഉൾനാടൻ മത്സ്യകൃഷിയിൽ കൃത്യമായ ലക്ഷ്യം വെച്ച് മുന്നേറും. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും. വ്യവസായ വികസനം ആസൂത്രണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പാക്കും. സമ്പൂർണ ശുചിത്വം കൈവരിക്കുന്നതിന് എല്ലാ തലത്തിലും യോജിച്ച് പ്രവർത്തിക്കാനുള്ള സാധ്യത ഒരുക്കും. വ്യവസായ ഇടനാഴി, തുറമുഖം, ലോജിസ്റ്റിക്‌സ്, ഉൾനാടൻ ജലഗതാഗതം എന്നിവയുടെ വികസനത്തിലുടെ വ്യവസായ വളർച്ച ഉറപ്പാക്കും.

പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം ശക്തിപ്പെടുത്തും. കൂടുതൽ മൂല്യവർധനവിനും നടപടിയെടുക്കും. ഐടി വകുപ്പ്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഐടി വ്യവസായം എന്നിവ വഴി കേരളത്തിൽ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ തൊഴിൽ ചെയ്യാനോ ആഗ്രഹിക്കുന്നവരെ തമ്മിൽ ബന്ധിപ്പിക്കും. ഐടി വിദ്യാർത്ഥികളെ പഠിപ്പിക്കാനും മാർഗനിർദ്ദേശം നൽകാനും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ ഉപയോഗിക്കാവുന്ന മാർഗരേഖ ആറ് മാസത്തിനുള്ളിൽ തയ്യാറാക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജപ്തിയിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമ നിർമ്മാണം; വീട്ടു ജോലികളിലെ കാഠിന്യം ഒഴിവാക്കാനും പദ്ധതി

രാജ്യത്തിന് അകത്തും പുറത്തുമുള്ള സാങ്കേതിക വിദ്യ സ്ഥാപനങ്ങളുമായി കേരളത്തിലെ അക്കാദമിക് സ്ഥാപനങ്ങൾ സഹകരിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയ അമിതാധികാര ശക്തികളും ലക്ഷ്യമിട്ടിട്ടുണ്ട്. ഇത്തരം ദേശീയ തലത്തിലുള്ള നിലപാടുകൾക്ക് ബദൽ മാർഗം മുന്നോട്ട് വെക്കും. ഓരോ വിജ്ഞാനശാഖയുടെയും കാര്യക്ഷമത ഉറപ്പാക്കും. അതിന് അനുയോജ്യമായ കോഴ്‌സുകൾ ആരംഭിക്കും. ശ്രേഷ്ഠ കേന്ദ്രങ്ങളും വകുപ്പുകളും സജ്ജമാക്കും. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആവശ്യങ്ങളോട് സുതാര്യമായി പ്രതികരിക്കുന്ന വിധത്തിൽ ഭരണകാര്യങ്ങളിൽ അയവ് വരുത്തും.

അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാർത്ഥികളുടെ കൈമാറ്റത്തിനുള്ള എക്‌സ്‌ചേഞ്ച് ദേശീയ അന്താരാഷ്ട്ര തലത്തിൽ വികസിപ്പിച്ചെടുക്കും. സാങ്കേതിക വിദ്യയിൽ അടിസ്ഥാനമായ അധ്യയനം സംസ്ഥാനത്ത് ആവിഷ്‌കരിക്കാൻ പഠനം നടത്തും. ഓൺലൈൻ കോഴ്‌സുകൾ വികസിപ്പിക്കാൻ അന്തർ സർവകലാശാല സംഘങ്ങളെ ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളുടെ പൂൾ ഉണ്ടാക്കും. ലൈബ്രറികളും സജ്ജമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹിക നീതിയും സന്തുലിതാവസ്ഥയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Read Also: സമ്പദ് ഘടനയിലെ ഉത്പ്പാദന ശേഷി വർധിപ്പിക്കും; ലിംഗ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button