തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയെന്നാണ് കെ.രാധാകൃഷ്ണനെ സൈബര്‍ സഖാക്കള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് മുന്‍പും കേരളത്തില്‍ കെ.കെ ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ ദേവസ്വം മന്ത്രി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് കെ.കെ ബാലകൃഷ്ണന്‍ 1970കളില്‍ തന്നെ ദേവസ്വം മന്ത്രി ആയിരുന്നു. കെ.കെ ബാലകൃഷ്ണന് പുറമെ വെള്ള ഈച്ചരന്‍, ദാമോദരന്‍ കാളാശേരി എന്നിവരും വിവിധ മന്ത്രിസഭകളില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തവരാണ്. രണ്ടാം അച്യുതമേനോന്‍ മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയായിരുന്നു വെള്ള ഈച്ചരന്‍. 1978ല്‍ പി.കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ പട്ടികജാതി, ദേവസ്വം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ദാമോദരന്‍ കാളാശേരി.
അതേസമയം, നിയുക്ത ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയായി അവകാശപ്പെടുന്ന സിപിഎം ഇന്നും ജാതി ബോധം കൊണ്ടുനടക്കുന്നവരാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. കെ.കെ ബാലകൃഷ്ണന്‍ ചേലക്കരയുടെ ജനപ്രതിനിധിയായിരിക്കുമ്പോഴാണ് ദേവസ്വം വകുപ്പിന്റെ മന്ത്രിയായത്. ഇന്ന് അതേ ചേലക്കരയില്‍ നിന്നാണ് കെ.രാധാകൃഷ്ണനും ജയിച്ച് മന്ത്രിയാകുന്നത് എന്ന സവിശേഷതയുണ്ട്.
Post Your Comments