ഇംഫാല്‍: ബി.ജെ.പി. മണിപ്പുര്‍ സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ, ഫെയ്സ്ബുക്കില്‍ “ചാണകം, ഗോമൂത്രം” പരാമര്‍ശത്തോടെ മരിച്ച ആളിന് നേരെ പരിഹാസമെയ്ത രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്ഖെം, ആക്ടിവിസ്റ്റായ എരെന്‍ഡ്രോ ലെചോംബാം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു കോടതി ജാമ്യം അനുവദിച്ചെങ്കിലും നടപടി പൂര്‍ത്തിയാകുന്നതിനു മുമ്പ് പോലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തിയതു തിരിച്ചടിയായി.
തുടര്‍ന്ന് ഇവരെ ഇംഫാല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ടികേന്ദ്ര സിങ് മരിച്ചെന്ന ഫെയ്സ്ബുക്കിലെ വാര്‍ത്തയ്ക്കു ചുവടെയാണ് ഇവര്‍ ചാണകമെന്നും ഗോമൂത്രമെന്നും പരാമർശിച്ചു പരിഹസിച്ചത്. ഇതിനെ തുടര്‍ന്ന് നിരവധി ബി.ജെ.പി. നേതാക്കള്‍ ഇവര്‍ക്കെതിരേ പരാതി നല്കി.മരണത്തെ പോലും പരിഹസിക്കുന്ന രീതിക്കെതിരെ നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സമുദായസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. അഞ്ചു വര്‍ഷം വരെ തടവാണു ശിക്ഷ. ഇതിനു പിന്നാലെയാണു സംസ്ഥാനത്തിന്റെ സുരക്ഷയും ക്രമസമാധാനവും അപകടത്തിലാക്കാന്‍ ഇടയുള്ള പെരുമാറ്റത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.
Post Your Comments