വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗിക ആരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്. മൈക്രോസോഫ്റ്റ് കമ്പനിയിലെ ജീവനക്കാരിയുമായി ബിൽ ഗേറ്റ്സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തിൽ കമ്പനി അന്വേഷണം നടത്തുന്നതിനിടെയാണ് ബിൽഗേറ്റ്സ് രാജിവെച്ചതെന്നാണ് പുറത്തു വരുന്ന വിവരം. സന്നദ്ധ പ്രവർത്തങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്നായിരുന്നു ബിൽഗേറ്റ്സ് നൽകിയ വിശദീകരണം.
എന്നാൽ ജീവനക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതിന് മുൻപായിരുന്നു ബിൽഗേറ്റ്സ് രാജി വെച്ചത്. മൈക്രോസോഫ്റ്റിൽ എഞ്ചിനീയറായ ജീവനക്കാരിയുമായുള്ള ബന്ധം നിലനിൽക്കെ കമ്പനി ബോർഡ് അംഗമായി ബിൽ ഗേറ്റ്സ് തുടരുന്നത് ശരിയല്ലെന്ന് ബോർഡ് വിലയിരുത്തിയിരുന്നതായാണ് സൂചന.
നേരത്തെ ബിൽ ഗേറ്റ്സുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ജീവനക്കാരി തന്നെയാണ് കമ്പനി ബോർഡിനെ അറിയിച്ചത്. 2000 മുതൽ ഏറെക്കാലം ബിൽ ഗേറ്റ്സും താനുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെന്നായിരുന്നു ജീവനക്കാരി പറഞ്ഞിരുന്നത്. ജീവനക്കാരിയുടെ ആരോപണങ്ങൾ പരാതിയായി പരിഗണിച്ച് സംഭവം അന്വേഷിക്കാൻ കമ്പനിക്ക് പുറത്തുള്ള നിയമസ്ഥാപനത്തെ മൈക്രോസോഫ്റ്റ് ചുമതലപ്പെടുത്തുകയായിരുന്നു.
ഡയറക്ടർ സ്ഥാനത്ത് നിന്ന് ബിൽ ഗേറ്റ്സ് രാജിവെച്ചതിനും ഈ അന്വേഷണത്തിനും തമ്മിൽ ബന്ധമില്ലെന്നും ചിലർ പറയുന്നുണ്ട്. ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിഞ്ഞ വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 27 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്.
Post Your Comments