KeralaLatest NewsNews

കേരളത്തില്‍ ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ വീണ്ടും ശക്തമായ മഴ ലഭിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് അതീവ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിലേയ്ക്ക്; തീരദേശങ്ങളില്‍ നിന്നും ഒന്നര ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു

മെയ് 17ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മെയ് 18ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. അതിനാല്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

സ്വകാര്യപൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും
ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button