അങ്കാര: പുകവലി നിർത്താൻ അറ്റക്കൈ പ്രയോഗവുമായി യുവാവ്. വർഷങ്ങളായി പിന്തുടരുന്ന പുകവലി ശീലം നിർത്താൻ സ്വന്തം തല ഹെൽമെറ്റിനുള്ളിലാക്കി പൂട്ടിവെച്ചിരിക്കുകയാണ് ഇബ്രാഹിം എന്ന യുവാവ്. തുർക്കിയിലാണ് സംഭവം. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും ഇബ്രാഹിമിന് ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
പതിനാറ് വയസു മുതൽ സിഗരറ്റ് വലിക്കാൻ തുടങ്ങിയ ഇബ്രാഹിമിന് പിതാവിന്റെ മരണത്തോടെയാണ് മനംമാറ്റം ഉണ്ടാകുന്നത്. ശ്വാസകോശാർബുദം ബാധിച്ചാണ് ഇബ്രാഹിമിന്റെ അച്ഛൻ മരണമടഞ്ഞത്. പുകവലി നിർത്തണമെന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങി. എന്നാൽ എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന് അത് കഴിഞ്ഞില്ല. പല മാർഗങ്ങളും പരീക്ഷിച്ചെങ്കിലും എല്ലാം ഒടുവിൽ പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് അദ്ദേഹം ഇത്തരമൊരു മാർഗം കണ്ടെത്തുന്നത്.
ബൈക്ക് യാത്രക്കാർ ഉപയോഗിക്കുന്ന ഹെൽമെറ്റിന്റെ മാതൃകയിൽ ഒരു പുകവലി നിരോധന ഹെൽമെറ്റ് ഉണ്ടാക്കി ഇബ്രാഹിം തലയിൽ ധരിച്ചു. 130 അടി നീളമുള്ള കോപ്പർ വയറാണ് ഹെൽമറ്റ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഹെൽമെറ്റിന്റെ താക്കോൽ വീട്ടുകാരെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയും ചെയ്തു.
ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാം വീട്ടുകാരെ കൊണ്ട് ഹെൽമെറ്റിന്റെ പൂട്ട് തുറപ്പിക്കും. ആവശ്യം കഴിഞ്ഞതിന് ശേഷം വീണ്ടും ഹെൽമെറ്റ് പൂട്ടും. നിരവധി മാർഗങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് തല തടവിലാക്കാൻ തീരുമാനിച്ചതെന്ന് ഇബ്രാഹിം പറയുന്നു.
Post Your Comments