തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ക്ഷീര മേഖലയെ ഒഴിവാക്കണമെന്ന് മില്‍മ. നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മില്‍മ ആവശ്യവുമായി രംഗത്തെത്തിയത്. ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ 3500ല്‍ പരം വരുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ എട്ടു ലക്ഷത്തോളം ക്ഷീര കര്‍ഷകരില്‍ നിന്നും മൂന്ന് മേഖല യൂണിയനുകള്‍ വഴി മില്‍മ പ്രതിദിനം 16 ലക്ഷം ലിറ്ററില്‍ അധികം പാല്‍ സംഭരിക്കുന്നുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം വില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ തന്നെ പാല്‍ വില്‍പ്പനയില്‍ കുറവുണ്ടായി. ഇതോടെ പ്രതിദിനം സംഭരിക്കുന്ന നാല് ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ അധികമാണെന്ന് മില്‍മ ചെയര്‍മാന്‍ അറിയിച്ചു.
നിലവില്‍ അധികം വരുന്ന പാല്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയച്ച് പാല്‍പ്പൊടിയാക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പാല്‍ കയറ്റി അയക്കുന്നതിലും തടസമുണ്ടായി. ഈ സാഹചര്യത്തിലാണ് ക്ഷീര മേഖലയെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് മില്‍മ ചെയര്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments