ന്യൂഡല്‍ഹി: കൂടുതല്‍ വിദേശ വാക്‌സിനുകള്‍ ഇന്ത്യയിലേയ്ക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ഫൈസറുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് Vയുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തിയിട്ടുമുണ്ട്.
സെപ്റ്റംബര്‍ മാസത്തോടെ ഫൈസര്‍ വാക്‌സിന്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ അഞ്ച് കോടി ഫൈസര്‍ ഡോസുകള്‍ എത്തിക്കാനാണ് ശ്രമം. നേരത്തെ, രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ഫൈസര്‍ അനുമതി തേടുകയും ചെയ്തിരുന്നു. നിലവില്‍ ഉപയോഗിക്കുന്ന കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കൊപ്പം സ്പുട്‌നിക്കും ഫൈസറും രാജ്യത്ത് വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ ശ്രമം.
സ്പുട്‌നിക് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിദേശ വാക്‌സിനുകള്‍ എത്തിക്കുന്നതിന് പുറമെ കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും ഉത്പ്പാദനം വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഡിസംബറിനുള്ളില്‍ 200 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന സൈഡസ് കാഡിലയുടെ സൈകോവ് ഡി എന്ന വാക്‌സിനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Post Your Comments