കിഴക്കമ്പലം: കിറ്റെക്‌സില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ കൊവിഡ് വ്യാപിക്കുന്നതായി ആശങ്ക. തൊഴിലാളികള്‍ക്ക് പരിശോധനയോ മറ്റ് മെഡിക്കല്‍ സുരക്ഷകളോ ലഭിക്കുന്നില്ലെന്ന് പരക്കെ ആരോപണമുയരുന്നുണ്ട്. നേരത്തെ ഇതു സംബന്ധിച്ച് നിരവധി ശബ്ദ സന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. നിയമ ബിരുദധാരിയായ ഗീതു ഉല്ലാസിനു വന്ന സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്റെ സുഹൃത്തുക്കള്‍ അവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് മെസേജില്‍ പറയുന്നത്. എല്ലാവര്‍ക്കും പനി ഉണ്ടെന്നും എന്നാല്‍ പരിശോധന ഇല്ലെന്നും സന്ദേശത്തില്‍ പറയുന്നു.
ഇതിനിടെ കിറ്റെക്‌സ് തൊഴിലാളികള്‍ക്ക് എല്ലാ സുരക്ഷയുണ്ടെന്ന് സാബു എം ജേക്കബ് പറയുന്ന വീഡിയോ പുറത്തു വിട്ടിരുന്നു. ഈ വീഡിയോക്ക് താഴെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് കമന്റായി ഇട്ടപ്പോള്‍ ആദ്യം സാബു എം ജേക്കബിന്റെ ഫാന്‍ പേജ് ഇത് നീക്കം ചെയ്യുകയും വീണ്ടും ഇട്ടപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്‌തെന്ന് ഗീതു ഉല്ലാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
Read Also: തിമിംഗലങ്ങളുടെ സ്‌നേഹപ്രകടനം കണ്ടിട്ടുണ്ടോ? കെട്ടിപ്പിടിച്ച് ചിറകിട്ടടിക്കുന്ന വീഡിയോ വൈറലാവുന്നു
അതേസമയം കിറ്റെക്‌സ് കമ്പനിയില്‍ തൊഴിലാളികള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നതായി സന്ദേശങ്ങള്‍ പ്രചരിക്കുകയും ഫോണ്‍ വഴി പരാതികള്‍ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കിറ്റെക്‌സ് കമ്പനിയുടെ ഉല്‍പാദന യൂണിറ്റില്‍ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും കൊവിഡ് പരിശോധനകള്‍ നടത്തുന്നില്ലെന്നും വ്യക്തമാക്കുന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ആലുവ റൂറല്‍ എസ്.പി. കെ. കാര്‍ത്തിക് ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ അന്വേഷണം നടത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചത്. കൊവിഡ് വ്യാപനം തടയുന്നതില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ അനാസ്ഥ തുടരുകയാണെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രോഗം ബാധിച്ച് വീടിന് സമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരിച്ചതിന് പിന്നാലെയാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥകള്‍ വീണ്ടും ചര്‍ച്ചയായത്.
Post Your Comments