KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തില്‍ സംസ്‌ക്കരിക്കുന്നത് ക്രൂരത

മൃതദേഹം കുളിപ്പിച്ചാല്‍ രോഗപ്പകര്‍ച്ച ഉണ്ടാകില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട്: കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ . കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നത് സംബന്ധിച്ച് വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും നിലവില്‍ മയ്യത്തുകള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കുന്നില്ലെന്നും ഇവര്‍ അറിയിച്ചു. ജീവിതകാലം മുഴുവന്‍ മതവിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചു കൊണ്ട് ജീവിച്ച വ്യക്തികള്‍ രോഗം ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തില്‍ സംസ്‌ക്കരിക്കുന്നത് ക്രൂരതയാണ്.

Read Also : കോവിഡ് ഡോമിസിലറി സെന്റർ ഉദ്ഘാടന ചടങ്ങിനെത്തിയത് എംപിയും എം എൽ എയും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ

വേണ്ട വിധത്തില്‍ പരിചരിക്കാന്‍ ആളില്ലാതെ ദിവസങ്ങളോളം രോഗിയായി കിടന്ന് മലവും മൂത്രവും അതേപടി ശരീരത്തില്‍ നിലനിര്‍ത്തിയാണ് അടക്കപ്പെടുന്നത്. രോഗിയാവുന്നതോടെ താന്‍ മരണപ്പെട്ടാലുള്ള അവസ്ഥ എത്രമാത്രം ഭീകരമാണെന്ന ചിന്ത ഓരോരുത്തരെയും അലട്ടുന്നത് സ്വാഭാവികം. രോഗം മൂര്‍ച്ഛിക്കാന്‍ വരെ ഇതു കാരണമാകുന്നുണ്ട്. മാന്യമായ യാത്രയയപ്പ് മനുഷ്യന്റെ അവകാശമാണ്.

ഓരോ മതങ്ങളും ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷത പാലിക്കുന്നുണ്ട്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോള നാലു കാര്യങ്ങള്‍ ഒരു മൃതദേഹത്തില്‍ ചെയ്യേണ്ടതുണ്ട്. കുളിപ്പിക്കുക, കഫന്‍ (മൂന്നു കഷ്ണം തുണി കൊണ്ട് മൃതദേഹം പൊതിയുക, മയ്യത്ത് നിസ്‌കരിക്കുക, മറമാടുക എന്നിവയാണത്. കുളിപ്പിക്കുക വളരെ പ്രധാനമാണെന്നും സംഘടന വ്യക്തമാക്കി. നിലവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം മൃതദേഹം കുളിപ്പിക്കാന്‍ അനുവദിക്കുന്നില്ല.

മൃതദേഹം കുളിപ്പിക്കുന്നതുകൊണ്ട് എന്തു രോഗപ്പകര്‍ച്ചയാണ് വരുന്നതെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്നതോടെ രോഗാണുക്കള്‍ നശിക്കുമെന്നാണ് ചില പഠനങ്ങളില്‍ വ്യക്തമാക്കപ്പെട്ടത്. കോവിഡ് രോഗം പിടിപെട്ടവര്‍ക്ക് കുളിക്കാന്‍ ഒരു നിരോധനവുമില്ല.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കോവിഡ് മാര്‍ഗനിര്‍ദ്ദേശത്തില്‍ കുളിപ്പിക്കരുതെന്ന് പറയുന്നില്ല. കുളിപ്പിക്കുന്നവര്‍ പി പി ഇ കിറ്റ് ധരിക്കണമെന്നേ പറയുന്നുള്ളു. കര്‍ശനമായ വ്യവസ്ഥകളോടെ ഇതെല്ലാം ചെയ്യാന്‍ കഴിയും. വസ്തുതകള്‍ ഇതായിരിക്കെ അനാവശ്യമായ വ്യവസ്ഥകളുണ്ടാക്കി മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് ഖേദകരമാണ്. മുഖ്യമന്ത്രി ഇടപെട്ട് മൃതദേഹം കുളിപ്പിക്കുന്നതിന് അനുമതിയുണ്ടാക്കണമെന്നും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജന. സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button