ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രീനിവാസ് ഉള്‍പ്പെടുന്ന സംഘത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
രാവിലെ പത്തരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ഡല്‍ഹി പോലീസ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി വിതരണം ചെയ്‌തെന്നും ശ്രീനിവാസിനെതിരെ അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു.
ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ഡല്‍ഹി പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോകുമെന്നും ശ്രീനിവാസ് പ്രതികരിച്ചു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയമായ പകപോക്കലാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Post Your Comments