തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി ഞായറാഴ്ച ടൗട്ടി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: ഇന്ന് അക്ഷയ തൃതിയ; സ്വർണ്ണം വാങ്ങാൻ ശുഭദിനം
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങൾ കേരളത്തിലെത്തിയിട്ടുണ്ട്. ഇവരെ വയനാട്, മലപ്പുറം, കോഴിക്കോട് തൃശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം എന്നിവിടങ്ങളിലാണ് വിന്യസിച്ചിട്ടുള്ളത്.
ഞായറാഴ്ചയോടെ ന്യൂനമർദ്ദം ടൗട്ടി ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേർന്നായതിനാൽ, കടൽപ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments