ന്യൂഡൽഹി : സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് അടുത്ത 15 ദിവസത്തിനുളളിൽ ഒരു കോടി 92 ലക്ഷം വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് കൂടുതൽ വാക്സിൻ കൈമാറുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വരുന്ന രണ്ടാഴ്ചക്കാലത്തേയ്ക്ക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉള്ള കേന്ദ്രസർക്കാർ വാക്സിൻ വിഹിതം, ഉപഭോഗ രീതി അനുസൃതമായും, രണ്ടാംവട്ട ഡോസ് സ്വീകർത്താക്കളുടെ എണ്ണം അനുസരിച്ചും ആണ് നിർണയിച്ചിട്ടുള്ളത്.
2021 മെയ് 16 മുതൽ 31 വരെയുള്ള കാലയളവിൽ 1.92 കോടി കോവിഷീൽഡ്-കോവാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി ലഭ്യമാക്കും. ഇതിൽ 1.63 കോടി ഡോസ് കോവിഷീൽഡും, 29.49 ലക്ഷം ഡോസ് കോവാക്സിനും ഉൾപ്പെടുന്നു.
വാക്സിൻ വിതരണത്തിന്റെ സമയക്രമം മുൻകൂട്ടി ലഭ്യമാക്കുന്നതാണ്. തങ്ങൾക്ക് ലഭിക്കുന്ന വാക്സിൻ നീതിപൂർവകവും, കാര്യക്ഷമവുമായ രീതിയിൽ ഉപയോഗപ്പെടുത്താനും, വാക്സിൻ പാഴാക്കൽ പരമാവധി കുറയ്ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Post Your Comments