ദിസ്പൂര്‍: അസമില്‍ 18 കാട്ടാനകളെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. നാഗാവോണ്‍ ജില്ലയിലാണ് സംഭവം. ഇടിമിന്നലേറ്റതാണ് സംഭവത്തിന് കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
കുണ്ടോലി വനമേഖലയിലുള്ള കതിയതോലി റേഞ്ചിലെ ഉയരം കൂടിയ മേഖലയിലാണ് ആനകളെ കൂട്ടത്തോടെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രണ്ട് വ്യത്യസ്ത മേഖലകളിലായാണ് ആനകളെ കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവയില്‍ നാല് ആനകളെ ഒരിടത്തും 14 ആനകളെ മറ്റൊരിടത്തുമാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
2017ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ കര്‍ണാടക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള സംസ്ഥാനമാണ് അസം. 2002ല്‍ 5,246 ആനകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ 2017ല്‍ ഇത് 5,719 ആയി വര്‍ധിച്ചിരുന്നു. 2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 100ലധികം ആനകളാണ് അസ്വാഭാവികമായ രീതിയില്‍ ചെരിഞ്ഞതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments