സൂററ്റ്: സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വസ്ത്രവ്യാപാരി ജീവനൊടുക്കി. ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇയാള്‍ ഓണ്‍ലൈനില്‍ വസ്ത്രങ്ങള്‍ വില്‍ക്കാറുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കടക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദവുമാണ് തന്നെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചതെന്ന് ഇയാള്‍ കുറിപ്പില്‍ പറയുന്നു.
അല്‍പേഷ് പട്ടേല്‍ എന്ന 33 കാരനാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. പട്ടേല്‍ ഭാര്യയെ ഓഫീസിലേക്ക് കൊണ്ടുവിട്ടു വന്നതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. ദുപ്പട്ട ഉപയോഗിച്ചാണ് ഇയാള്‍ മരിച്ചത്. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ പറയുന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് രണ്ടര ലക്ഷം രൂപ വായ്പയെടുത്ത പട്ടേലിന് കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ്.
കാലക്രമേണ, പലിശ വര്‍ദ്ധിക്കുകയും എടുത്ത തുക വലിയൊരു തുകയായി മാറിയെന്നും ഇവര്‍ പറയുന്നു. അതേസമയം ഇയാള്‍ക്ക് എത്ര തുക കട ബാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പേരുള്ളവരെ ചോദ്യം ചെയ്ത ശേഷം എത്ര പണം അടയ്ക്കാനുണ്ടെന്ന് കണ്ടെത്താനാകുമെന്ന് പൊലീസ് പറയുന്നു.
പണം തിരിച്ചടച്ചില്ലെങ്കില്‍ തന്നെ കൊലപ്പെടുത്തുമെന്ന് കടക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പട്ടേല്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. കോവിഡ് -19 പാന്‍ഡെമിക് മൂലം പട്ടേല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments