മുംബൈ: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്റെ ക്ഷാമം മൂലം 18-44 പ്രായപരിധിയിലുള്ളവർക്കുള്ള വാക്‌സിന്‍ കുത്തിവെപ്പ് മഹാരാഷ്ട്ര താല്കാലികമായി നിര്‍ത്തിവെച്ചു. ഇതിലേക്കായി മാറ്റിവെച്ചിരുന്ന മൂന്ന് ലക്ഷം കോവാക്‌സിന്‍ ഡോസുകള്‍ 45 വയസില്‍ കൂടുതലള്ളവര്‍ക്ക് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
രണ്ടാം ഡോസ് ലഭിക്കേണ്ട 45 വയസിന് മുകളിലുള്ളവര്‍ക്കായി കോവാക്‌സിന്‍ സ്റ്റോക്ക് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ വ്യക്തമാക്കി. ’45 വയസിന് മുകളിലുള്ളവര്‍ക്കായി 35,000 ഡോസ് കോവാക്‌സിന്‍ ലഭ്യമാണ്. പക്ഷേ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് രണ്ടാമത്തെ ഡോസ് ആവശ്യമാണ്. ഇതിനായി ഞങ്ങള്‍ കോവാക്‌സിന്‍ സ്റ്റോക്ക് മാറ്റുകയാണ്’, രാജേഷ് തോപെ പറഞ്ഞു.
രണ്ടാമത്തെ ഡോസ് നിശ്ചിത സമയത്ത് നല്‍കിയില്ലെങ്കില്‍ അത് വാക്‌സിന്റെ കാര്യക്ഷമതയെ ബാധിക്കും. ഇത്തരം പ്രതിസന്ധി ഒഴിവാക്കാന്‍ 18 മുതൽ 44വരെയുള്ള പ്രായക്കാര്‍ക്കായി വാങ്ങിയ മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Post Your Comments