ആലപ്പുഴ: ഇടത് രാഷ്ട്രീയ ചരിത്രത്തിലെ കത്തിജ്വലിക്കുന്ന സ്ത്രീ ശബ്ദമായി മാറിയ കെ ആർ ഗൗരിയമ്മ. പ്രശസ്ത കവിയും നടനുമൊക്കെയായ ബാലചന്ദ്രന് ചുള്ളിക്കാട് ഗൗരിയെന്ന തന്റെ കവിതയില്‍ പറഞ്ഞതു പോലെ ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള് ഭദ്രകാളി… ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു’-ഒരു നൂറ്റാണ്ടിലെ വനിതകളുടെ ശബ്ദവും പ്രചോദനവുമൊക്കെയായിരുന്നു അവര്‍. സ്വാതന്ത്ര്യാനന്തര കാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍, ആദ്യ ഈഴവ നിയമവിദ്യാര്‍ഥിനി, ആദ്യ വനിതാമന്ത്രി, ആദ്യ മന്ത്രിസഭയിലെ ശേഷിച്ചിരുന്ന ഏക അംഗം, ഏറ്റവും കൂടുതല്‍കാലം നിയമസഭാംഗമായ ആള്(16,832 ദിവസം)-വിശേഷണങ്ങള്‍ ഏറെയായിരുന്നു കേരള രാഷ്ട്രീയത്തിലെ ഈ പെണ്‍സിംഹത്തിന്. 2016ലെ തെരഞ്ഞെടുപ്പു മുതല്‍ മത്സരരംഗത്തുനിന്നു മാറി നിന്ന, ഗൗരിയമ്മയെ പരാമര്‍ശിക്കാതെ കേരളത്തിലെ ഒരുതെരഞ്ഞെടുപ്പും ഇതുവരെ മുന്നോട്ടുപോയിട്ടില്ലെന്നതും ചരിത്രം.
എന്നാൽ മുഖ്യമന്ത്രി കസേര ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട വനിത, പാര്‍ട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിട്ടും പുറന്തള്ളപ്പെട്ടവള്‍, ആ വീഴ്ചയില്‍നിന്നു ഫീനിക്സ് പക്ഷിയേ പോലെ ഉയര്‍ത്തെഴുന്നേറ്റവള്‍- ഗൗരിയമ്മയെന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസിലേക്ക് ഈ വിവരങ്ങളും ഓടിയെത്തും. സംസ്ഥാന രൂപീകരണത്തിനു ശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വിജയിച്ച് ആദ്യമന്ത്രിസഭയില്‍ റവന്യു-എക്സൈസ്മന്ത്രി. ആ കാലയളവില്‍ തന്നെയായിരുന്നു സഹമന്ത്രിയായ ടി.വി. തോമസിനെ വിവാഹം കഴിക്കുന്നതും. (64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവും ഭാര്യയും രണ്ടിടത്തായി എന്നുമാത്രം). ഭൂപരിഷ്കരണം, അഴിമതി നിരോധനം, വനിതാ ബില്‍ ഉള്‍പ്പെടെ നിരവധി ബില്ലുകളാണ് ഗൗരിയമ്മ മന്ത്രിയായിരുന്ന കാലത്തു കേരള ജനതയ്ക്കു ലഭിച്ചത്. 60-ല്‍ ചേര്‍ത്തലയില്‍നിന്നു വീണ്ടും നിയമസഭയിലേക്ക്. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍നിന്നായിരുന്നു ഗൗരിയമ്മയുടെ മത്സരങ്ങള്‍.
2019 ജൂണ്‍ മാസം 21 ന് ആലപ്പുഴ ശക്തി ആഡിറ്റോറിയത്തില്‍ നടന്ന ജന്മശതാബ്ദി മഹാമഹത്തിന് നന്ദി പറയുകയായിരുന്നു ഗൗരിഅമ്മ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന മുഴുവന്‍ നേതാക്കളേയും സാക്ഷി നിര്‍ത്തി, ഉദ്ഘാടകനായെത്തിയ മുഖ്യമന്ത്രിയോടായിരുന്നു ഗൗരിഅമ്മയുടെ ആ ചോദ്യം. ‘എന്നിട്ടെന്തായി വിജയാ?’ വര്‍ഷങ്ങളായി കേരളം ചോദിച്ചുകൊണ്ടിരിക്കുന്ന ഈ ചോദ്യം ഒടുവില്‍ ഗൗരിഅമ്മയ്ക്ക് തന്നെ നേരിട്ട് മുഖ്യമന്ത്രിയോടു ചോദിക്കേണ്ടിവന്നു. എന്നിട്ടും മതിയായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. നൂറാം വയസിന്റെ നിറവില്‍ നില്ക്കുമ്പോള് തനിക്ക് ഇനിയും ഉത്തരം ലഭിക്കാത്ത മറ്റൊരുചോദ്യം കൂടി ഗൗരിഅമ്മ ആ മഹാസദസിനെ ഓര്‍മ്മിപ്പിച്ചു. ‘എന്നെ പാര്‍ട്ടിയില്‍ നിന്ന് എന്തിനാ പുറത്താക്കിയത് ?’ ചാത്തനാട്ടെ ബ്രാഞ്ച് കമ്മിറ്റി മുതല്‍ സി.പി.എം പോളിറ്റ് ബ്യൂറോ വരെ കാല് നൂറ്റാണ്ടായി ഗൗരിഅമ്മയുടെ ഈ ചോദ്യങ്ങള്‍ കേള്‍ക്കുന്നു. പക്ഷേ യുക്തിസഹമായ ഒരു മറുപടി ഇനിയും കിട്ടിയിട്ടില്ല.
കേരള നിയമസഭയിലേക്കു നടന്ന ആദ്യ തരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായെങ്കിലും ആദ്യ തെരഞ്ഞെടുപ്പില്‍ പരാജയമായിരുന്നു. 1948-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല ദ്വയാങ്ക മണ്ഡലത്തില്‍ പരാജയപ്പെട്ടു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ മുഴുവന്‍ പരാജയപ്പെട്ടെങ്കിലും കെട്ടിവച്ചകാശ് തിരികെ കിട്ടിയ നാലു കമ്യൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ച ശേഷം 52-ല്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു കന്നിവിജയം. 54-ലും വിജയം ആവര്‍ത്തിച്ചു. തിരുകൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച കേരളത്തിന്റെ രാഷ്ട്രീയ മുത്തശി 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയത്തിന്റെ കയ്പ് നുണഞ്ഞത്. സിപിഎമ്മില്‍നിന്നു പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. 87ല്‍ കേരളം കെ.ആര്. ഗൗരി ഭരിക്കുമെന്ന പ്രചരണം സജീവമായിരുന്നെങ്കിലും അവരെ തഴഞ്ഞു മത്സരിക്കുക പോലും ചെയ്യാതിരുന്ന ഇ.കെ. നായനാര്‍ മുഖ്യമന്ത്രി കസേരയിലെത്തി. എന്നിട്ടും പരിഭവമേതുമില്ലാതെ ആ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായി അവര്‍ ജനസേവനം നടത്തി. എന്നിട്ടും 94ല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരും പറഞ്ഞ് അവര്‍ പുറത്താക്കപ്പെട്ടു. അവിടെ നിന്നാണ് ജെഎസ്എസ് എന്ന പാര്‍ട്ടിയുടെ പിറവിയും. ഒരുവനിതയുടെ നേതൃത്വത്തില്‍ ഒരു പാര്‍ട്ടി തന്നെ രൂപം കൊണ്ട്. അതിന് എംഎല്‍എമാരും മന്ത്രിയും ഉണ്ടായി. പിന്നീട് പാര്‍ട്ടി പലതായി ചിതറിയെങ്കിലും അവരുടെയെല്ലാം നേതാവ് ഗൗരിയമ്മയായിരുന്നു. നൂറു പിന്നിട്ടിട്ടും ഒരു പാര്‍ട്ടിയെ നയിച്ച വനിത രാജ്യത്തിനു മാത്രമല്ല ലോകത്തുതന്നെ ചരിത്രമാണ്.
കത്തിജ്വലിക്കുന്ന പെൺ ശബ്ദം
പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും അര്‍പ്പണമനോഭാവത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമായിരുന്നു ഗൗരിയമ്മ. അതുകൊണ്ടുതന്നെ രാഷ്ട്രീയ കേരളം അവരുടെ വാക്കുകള്‍ക്കായി കാതോര്ത്തുമിരുന്നു. ഉള്ളതു വെട്ടിത്തുറന്നു പറയുകയെന്നതായിരുന്നു ഗൗരിയമ്മയുടെ ശീലം. അഴിമതിയുടെ നേരെ അവര്‍ കാര്‍ക്കശ്യക്കാരിയായി. മന്ത്രിയായിരുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് ഗൗരിയമ്മയെ ഭയമായിരുന്നുവെന്നതു പരസ്യമായ രഹസ്യം. അപ്രിയ സത്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന പ്രകൃതം. ജനങ്ങള്‍ക്കു വേണ്ടി നടപ്പിലാക്കേണ്ട ഏതുകാര്യത്തിനും അവര്‍ ഉദ്യോഗസ്ഥരോടു കര്‍ക്കശ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
Post Your Comments