ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി അടക്കം ആറു സംസ്ഥാനങ്ങളില്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിമാരായത് ചര്‍ച്ചയാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ അഭിഷേക് മനു സിങ്വിയുടെ ട്വീറ്റിന് പിന്നാലെയാണ് ഈ വിഷയത്തിന് വലിയ വാര്‍ത്താ പ്രാധാന്യം കൈവന്നത്.
അസമില്‍ ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണാധികാരികളായത് ചൂണ്ടിക്കാട്ടി സിങ്വി ട്വീറ്റ് ചെയ്തത്. ”ബി.ജെ.പി അധികാരത്തിലേറിയ മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിമാര്‍. അസമില്‍ ഹിമന്ത ബിശ്വ ശര്‍മ്മ, അരുണാചല്‍ പ്രദേശില്‍ പേമ ഖണ്ഡു, മണിപ്പൂരില്‍ എന്‍. ബൈറന്‍ സിങ്” -ഇതായിരുന്നു സിങ്വിയുടെ ട്വീറ്റ്.
നേതൃത്വത്തിനെതിരെ പരോക്ഷമായ ഈ വിമർശനം ശ്രദ്ധേയമായപ്പോൾ വിശദീകരണവുമായി സിങ്വി രംഗത്തെത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ യാദൃശ്ചികമായി സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് താന്‍ അക്കാര്യം ട്വീറ്റ് ചെയ്തതെന്നാണ് സിങ്വി പിന്നീട് വിശദീകരിച്ചത്.ഈ മൂന്ന് മുന്‍ നേതാക്കളെ കൂടാതെ, കോണ്‍ഗ്രസ് വിട്ടവരും കോണ്‍ഗ്രസ് നേതാക്കളുടെ മക്കളും വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച മമത ബാനര്‍ജിയും പുതുച്ചേരിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും എന്‍.ആര്‍. കോണ്‍ഗ്രസ് സ്ഥാപകനുമായ എന്‍. രംഗസ്വാമിയും ഭരണസാരഥ്യത്തിലേറി. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രയില്‍ നിലവില്‍ മുഖ്യമന്ത്രിയാണ്.
2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ അസമില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെയാണ് ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്യുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നത്. അസമില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ തലമുറമാറ്റം വേണമെന്ന് ഹിമന്ത ഹൈകമാന്‍റിനെ അറിയിച്ചു. സോണിയ ഗാന്ധിയും അന്തരിച്ച അഹമദ് പട്ടേലും ഹിമാന്തയെ അടുത്ത മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പും നല്‍കി.
ഭൂരിഭാഗം എം.എല്‍.എമാരുടെയും പിന്തുണ ഹിമന്തക്കാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഖെ സാക്ഷ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍, രാഹുല്‍ ഗാന്ധി ചുവപ്പുകൊടി വീശിയതോടെ ഹിമന്ത പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറി.കോണ്‍ഗ്രസിന്‍റെ ശക്തിയും ദൗര്‍ബല്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും നന്നായി അറിയാവുന്ന ഹിമന്തയുടെ നേതൃമികവിലാണ് ബി.ജെ.പി അസമില്‍ ഭരണം പിടിച്ചത്.
Post Your Comments