ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പിലെ നാടകീയ രംഗങ്ങള്‍ക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത തോല്‍വിക്കും പിന്നാലെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണ പ്രതിസന്ധി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മനു അഭിഷേക് സിംഗ്‌വി മത്സരിച്ച ഹിമാചലില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു.
ഹിമാചലില്‍ ജയമുറപ്പിച്ച മനു അഭിഷേക് സിംഗ്‌വിക്ക് തിരിച്ചടിയായത് 40 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ആറുപേരുംസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും ഹര്‍ഷ് മഹാജന് ക്രോസ് വോട്ടു ചെയ്തതാണ്. സിംഗ്വിക്ക് ലഭിച്ചത് 34 വോട്ട്.
25 ബി.ജെ.പി വോട്ടുകളും 9 ക്രോസ് വോട്ടുകളും ചേര്‍ന്നപ്പോള്‍ ഹര്‍ഷിനും കിട്ടി 34 വോട്ട്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിച്ചു. ക്രോസ് വോട്ട് ചെയ്ത 9പേരെ സി.ആര്‍.പി.എഫ് ജവാന്‍മാരുടെ സുരക്ഷയില്‍ ബി.ജെ.പി ഹരിയാനയിലേക്ക് മാറ്റി.
ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു ആരോപിച്ചു. 68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 എഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ഥിക്ക് 34 വോട്ട് ലഭിച്ചത്.
നിലവില്‍ ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്.പുതിയ സാഹചര്യത്തില്‍ സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപി. നേരത്തെ ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനിടെ ഹിമാചൽ പ്രദേശിൽ സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ് നീക്കം ആരംഭിച്ചു.
വിമത എംഎൽഎമാരുമായി കോാൺഗ്രസ് ചർച്ച തുടങ്ങി. അതേസമയം ബിജെപി എംഎൽഎമാർ ഹിമാചൽ രാജ്ഭവനിലെത്തി. വിശ്വാസവോട്ട് തേടാൻ മുഖ്യമന്ത്രിയോട് ഗവർണർ നിർദേശിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഹിമാചൽ പ്രദേശിൽ കടുത്ത രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതിനിടെ, മുതിർന്ന ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂർ ബുധനാഴ്ച രാജ്ഭവനിൽ ഗവർണർ ശിവ് പ്രതാപ് ശുക്ലയെ കണ്ടു. ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി വിജയിച്ചത്.
Post Your Comments